02 November 2009

യു.എ.ഇയിലെ ജനസംഖ്യയില്‍ 20 ശതമാനം പേര്‍ക്കും പ്രമേഹ രോഗമുണ്ടെന്ന് റിപ്പോര്‍ട്ട്

പ്രമേഹ രോഗികളുടെ തോത് കൂടുതലുള്ള ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് യു.എ.ഇ. നിരവധി സന്നദ്ധ സംഘടനകളുടേയും ഗവണ്‍ മെന്‍റ് ഡിപ്പാര്‍ട്ട്മെന്‍റുകളുടേയും ആഭിമുഖ്യത്തില്‍ ഇപ്പോള്‍ ഈ രോഗത്തിനെതിരെയുള്ള പ്രചാരണം നടക്കുന്നുണ്ട്. പ്രമേഹരോഗം വരാതെ സൂക്ഷിക്കാനുള്ള ജീവിത ക്രമമാണ് സെമിനാറുകളില്‍ അധികൃതര്‍ വിശദീകരിക്കുന്നത്.

യു.എ.ഇയിലെ ജനസംഖ്യയില്‍ 20 ശതമാനം പേര്‍ക്കും പ്രമേഹ രോഗമുണ്ടെന്നാണ് കണ്ടെത്തല്‍. ലോകത്തില്‍ പ്രമേഹ രോഗികളുടെ തോത് കൂടുതലുള്ള രണ്ടാമത്തെ രാജ്യമാണ് യു.എ.ഇ. ഈ രോഗത്തെ പ്രതിരോധിക്കാനായി ഗവണ്‍മെന്‍റ് ഡിപ്പാര്‍ട്ട്മെന്‍റുകളും സന്നദ്ധ സംഘടനകളും കമ്പനികളുമെല്ലാം വിവിധ ബോധവത്ക്കരണ പരിപാടികളാണ് ഇപ്പോള്‍ നടത്തുന്നത്.
സൗജന്യ പ്രമേഹ രോഗ നിര്‍ണ്ണയവും സെമിനാറുകളുമായി ദുബായിലെ എക്സ് ഹെല്‍ത്ത് ഒരുമാസം നീണ്ടു നില്‍ക്കുന്ന ബോധവത്ക്കരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ രോഗം യു.എ.ഇയില്‍ വ്യാപകമായതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു കാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് എക്സ് ഹെല്‍ത്ത് മാനേജര്‍ ആന്‍സി അലക്സാണ്ടര്‍ പറഞ്ഞു.

യു.എ.ഇ ജനസംഖ്യയുടെ മൂന്നില്‍ ഒന്നിലധികം പേര്‍ 2025 ഓടെ പ്രമേഹ രോഗികളായി മാറുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിഗമനം. ജീവിത ശൈലിയാണ് പ്രമേഹ രോഗം വര്‍ധിക്കാന്‍ പ്രധാനകാരണമെന്ന് അബ്ദുല്‍ റഹ്മാന്‍ മഗ്ദി പറയുന്നു.
പ്രമേഹത്തെ അറിയുക എന്ന മുദ്രാവാക്യത്തിന് കീഴിലാണ് ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ലോക പ്രമേഹ ദിനത്തോട് അനുബന്ധിച്ച് വരും ദിവസങ്ങളില്‍ യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ വൈവിധ്യമേറിയ പരിപാടികള്‍ അരങ്ങേറും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്