10 November 2009

ഇന്ത്യന്‍ എയര്‍ലൈന്‍സ് ഗള്‍ഫ് സെക്ടര്‍ പിന്മാറ്റം ബാഹ്യ ശക്തികളുടെ പ്രേരണയാല്‍

indian-airlinesവളരെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എയര്‍‌ലൈന്‍സിന്റെ ഗള്‍ഫ് സര്‍വീസുകള്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ നിന്നും കമ്പനിയെ പിന്‍‌വലിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് മലബാര്‍ പ്രവാസി കോര്‍ഡിനേഷന്‍ കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ യു. എ. ഇ. യിലെ മലയാളി പ്രവാസികളുടെ രാഷ്ട്രീയ സാംസ്കാരിക സംഘടനകള്‍ ഒരുമിച്ചു ചേര്‍ന്ന് രൂപം കൊണ്ട ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികള്‍ നവംബര്‍ 3ന് കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ. ആന്റണി, ആഭ്യന്തര സഹ മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, റയില്‍‌വേ മന്ത്രി ഇ. അഹമ്മദ് എന്നീ മന്ത്രിമാരെയും കേരളത്തിലെ മറ്റ് എം. പി. മാരെയും നേരില്‍ കണ്ട് നിവേദനം നല്‍കി. പ്രശ്നത്തില്‍ തങ്ങള്‍ ആത്മാര്‍ത്ഥമായി ഇടപെടാമെന്ന് മന്ത്രിമാര്‍ ഉറപ്പു നല്‍കി.
 

malabar-pravasi-ccordination-council


 
പ്രവാസി മലയാളികളുടെ ഈ ആവശ്യത്തിന് കേരള മന്ത്രി സഭയുടെയും, പ്രതിനിധികളുടെയും പിന്തുണ നേടാനായി ആക്ഷന്‍ കൌണ്‍സില്‍ അംഗങ്ങള്‍ കേരള മുഖ്യ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെയും കണ്ട് നിവേദനം നല്‍കുകയും, ഈ വിഷയത്തില്‍ കേരള നിയമ സഭയില്‍ പ്രമേയം പാസ്സാക്കി പ്രധാന മന്ത്രിക്ക് കൈമാറണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
 

malabar-pravasi-ccordination-council


 
ഈ വിമാനങ്ങള്‍ ഗള്‍ഫ് സെക്ടറില്‍ നിന്നും പിന്‍‌വലിക്കുന്നത് പ്രവാസി മലയാളികള്‍ക്ക് ഉണ്ടാക്കുന്ന ദുരിതവും ബുദ്ധിമുട്ടും സംഘം മന്ത്രിമാരെയും ജന പ്രതിനിധികളെയും ധരിപ്പിച്ചു. ബാഹ്യ ശക്തികളുടെ പ്രേരണയാല്‍ യാതൊരു കാരണവും കൂടാതെയാണ് കമ്പനി ഗള്‍ഫ് സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നത്.
 
ഈ പ്രശ്നം നേരത്തെ തന്നെ പ്രധാന മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് തന്നെ ഇതിന് വിശദീകരണം നല്‍കാന്‍ പ്രധാന മന്ത്രി ഏവിയേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി ഇ. അഹമദ് അറിയിച്ചു.
 
ആക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ പി. എ. ഇബ്രാഹിം ഹാജിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ എന്‍. ആര്‍. മായന്‍, കെ. എം. ബഷീര്‍, അഡ്വ. ഹാഷിക്, അഡ്വ. സാജിദ് അബൂബക്കര്‍, ഹരീഷ്, സന്തോഷ് എന്നിവര്‍ അംഗങ്ങളായിരുന്നു. തുടര്‍ പരിപാടികളുമായിആക്ഷന്‍ കൌണ്‍സില്‍ മുന്നോട്ട് പോകുമെന്ന് ആക്ഷന്‍ കൌണ്‍സില്‍ ജനറല്‍ കണ്‍‌വീനര്‍ സി. ആര്‍. ജി. നായര്‍ അറിയിച്ചു.
 
- ജബ്ബാരി കെ. എ., ദുബായ് കറസ്പോണ്ടന്റ്
 
 



Protest against Indian Airlines stopping Gulf sector flights



 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്