06 May 2009

അറേബ്യന്‍ ട്രാവല്‍മാര്‍ക്കറ്റ് പ്രദര്‍ശനം ദുബായില്‍ ആരംഭിച്ചു.

ഇന്‍റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ഇന്ത്യയടക്കം 69 രാജ്യങ്ങള്‍ പങ്കെടുക്കുന്നുണ്ട്.

മിഡില്‍ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ ട്രാവല്‍-ടൂറിസം പ്രദര്‍ശനമാണ് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ്. ദുബായ് ഇന്‍റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന ഈ മേളയില്‍ ഒട്ടേറെ എയര്‍ ലൈന്‍ കമ്പനികളും ട്രാവല്‍ ഏജന്‍സികളും പങ്കെടുക്കുന്നുണ്ട്. ഇന്ത്യയടക്കം 69 രാജ്യങ്ങളില്‍ നിന്നുള്ള 2100 പ്രദര്‍ശകരാണ് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് എത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് 31 കമ്പനികള്‍ ഈ വര്‍ഷം ഈ പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. ഈ വര്‍ഷം ഇന്ത്യ സജീവ സാനിധ്യം അറിയിച്ചിട്ടുണ്ടെന്ന് കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി പറഞ്ഞു.


കേരളത്തില്‍ നിന്ന് കെ.ടി.ഡി.സിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് എത്തിയിരിക്കുന്നത്. കേരളത്തിലേക്ക് എല്ലാ മാസവും ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന് കെടിഡിസി ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിനോട് അനുബന്ധിച്ച് ശില്‍പശാലകളും സെമിനാറുകളും അധികൃതര്‍ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരാണ് ഈ മേളയ്ക്ക് എത്തുന്നത്.

ഈ മേളയില്‍ ട്രാവല്‍ ടൂരിസം മേഖലയിലെ കമ്പനികള്‍ തമ്മിലുള്ള വിവിധ കരാറുകളിലും ഒപ്പിടും. നാല് ദിവസങ്ങളിലായി നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് വെള്ളിയാഴ്ച സമാപിക്കും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്