26 November 2009

അലൈനില്‍ ഒരു ദിവസം അറുക്കുന്നത് 1500 മൃഗങ്ങളെ

ബലി പെരുന്നാള്‍ ആയതോടെ അലൈനിലെ പൊതു കശാപ്പ് ശാലയില്‍ അറുക്കാനായി എത്തുന്ന മൃഗങ്ങളുടെ എണ്ണവും വര്‍ധിച്ചു. ദിവസവും 1500 ഓളം മൃഗങ്ങളാണ് ഇവിടെ നിന്ന് പൊതുജനങ്ങള്‍ക്കായി അറുത്ത് നല്‍കുന്നത്.

യു.എ.ഇയിലെ തന്നെ ഏറ്റവും വലിയ പൊതു കശാപ്പ് ശാലയാണ് അലൈനിലേത്. പൊതുജനങ്ങള്‍ക്ക് നിശ്ചിത തുക നല്‍കി മൃഗങ്ങളെ അറുക്കാനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഈ യന്ത്രവത്കൃത കശാപ്പ് ശാലയില്‍ മൃഗങ്ങളെ അറുത്ത് തൊലിയുരിഞ്ഞ് ഇറിച്ചിയാക്കി മാറ്റി നല്‍കുകയാണ് ചെയ്യുക.

ബലി പെരുന്നാള്‍ ദിനങ്ങള്‍ അടുക്കുന്നതോടെ ഇവിടെ അറുക്കാനായി എത്തിക്കുന്ന മൃഗങ്ങളുടെ എണ്ണവും വര്‍ധിക്കുന്നു. സാധാരണ ദിനങ്ങളില്‍ 300 ഉം 400 ഉം മൃഗങ്ങളെയാണ് ഇവിടെ അറുക്കാനായി കൊണ്ട് വരുന്നതെങ്കില്‍ ബലി പെരുന്നാള്‍ ആകുന്നതോടെ ഇത് 1500 ഓളമായി മാറും.
ആടിനെ അറുക്കാന്‍ 15 ദിര്‍ഹവും ചെറിയ ഒട്ടകത്തിനും കാളകള്‍ക്കും 25 ദിര്‍ഹവും വലിയ ഒട്ടകങ്ങള്‍ക്കും കാളകള്‍ക്കും 40 ദിര്‍ഹവുമാണ് ചാര്‍ജായി ഈടാക്കുന്നത്.
അറുത്ത ശേഷം മൃഗ ഡോക്ടറുടെ കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇറച്ചി പൊതുജനങ്ങള്‍ക്ക് നല്‍കാറുള്ളൂ.

75 ജീവനക്കാരാണ് രണ്ട് ഷിഫ്റ്റുകളിലായി ഇവിടെ ജോലി ചെയ്യുന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്