11 October 2009

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ഡിസംബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യും

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ദുബായ് ഡിസംബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യും. 124 നിലകളാണ് ദുബായിലെ ഈ കെട്ടിടത്തിനുള്ളത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ദുബായ് യു.എ.ഇ ദേശീയ ദിനമായ ഡിസംബര്‍ രണ്ടിനാണ് പൊതുജനങ്ങള്‍ക്കായി തുറക്കുന്നത്. 800 മീറ്ററിലധികം ഉയരമുള്ള ഈ കെട്ടിടത്തിന്‍റെ കൃത്യമായ ഉയരം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇമാര്‍ പ്രോപ്പര്‍ട്ടീസിന്‍റെ ഉടമസ്ഥതയിലുള്ള ഈ ആകാശ ഗോപുരത്തിന്‍റെ മൊത്തം നിര്‍മ്മാണ ചെലവ് 20 ബില്യണ്‍ ഡോളറാണ്.
124 നിലകളുള്ള ഈ കെട്ടിടത്തിന്‍റെ ലിഫ്റ്റിന്‍റെ വേഗത ഒരു സെക്കന്‍ഡില്‍ 10 മീറ്റര്‍. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ലിഫ്റ്റും ഇത് തന്നെ.
200 മീറ്റര്‍ ഉയരമുള്ള ഒരു വാട്ടന്‍ ഫൗണ്ടനും ബുര്‍ജ് ദുബായ്ക്ക് അകത്ത് സജ്ജീകരിച്ചിട്ടുണ്ട്. 22 മട്ടുപ്പാവുകളാണ് ഈ കെട്ടിടത്തിനുള്ളത്. ലൈറ്റുകള്‍ ഒരേ സമയം കത്തിക്കണമെങ്കില്‍ 3,60,000 വാട്ട് വൈദ്യുതി ആവശ്യമായി വരും.
അഞ്ച് എം. 380 എയര്‍ ബസ് വിമാനങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ട അത്രയും അലുമിനിയമാണ് ഈ കെട്ടിടത്തില്‍ ആവരണം ചെയ്തിരിക്കുന്നത്. രണ്ട് ലക്ഷം ലിറ്റര്‍ സിലിക്കോണും കെട്ടിട നിര്‍മ്മാണത്തിനായി ഉപയോഗിച്ചു. കെട്ടിട ഭാഗങ്ങള്‍ ഉറപ്പിക്കാനായി മാത്രം 11 ടണ്‍ നട്ടും ബോള്‍ട്ടുമാണ് ഉപയോഗിച്ചിരിക്കുന്നത്.
95 കിലോമീറ്റര്‍ അകലെ നിന്ന് വരെ ഈ ആകാശ ഗോപുരം കാണാന്‍ കഴിയും എന്ന പ്രത്യേകതയും ഉണ്ട്. ദേശീയ ദിനത്തില്‍ തന്നെ ഉദ്ഘാടനം നിര്‍വഹിക്കാനായി 12,000 ത്തിലധികം ജീവനക്കാരാണ് ഇപ്പോള്‍ ബുര്‍ജ് ദുബായില്‍ തകൃതിയായ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്