01 July 2009

യു.എ.ഇ. യില്‍ നിര്‍ബന്ധിത ഉച്ച വിശ്രമം

വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഇന്ന് മുതല്‍ യു. എ. ഇ. യില്‍ ഉച്ച വിശ്രമം നിലവില്‍ വരും. ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഓഗസ്റ്റ് അവസാനം വരെയാണ് ഉച്ച വിശ്രമം പ്രഖ്യാപിച്ചിരിക്കുന്നത്.
 
ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് വരെ നിര്‍ബന്ധമായും വിശ്രമം അനുവദി ച്ചിരിക്കണമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഓഗസ്റ്റ് അവസാനം വരെയാണ് വിശ്രമം അനുവദി ച്ചിരിക്കുന്നത്. മലയാളികള്‍ അടക്കമുള്ള പതിനായിര ക്കണക്കിന് നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ഈ നീക്കം ഏറെ ആശ്വാസ കരമാകും. കഴിഞ്ഞ വര്‍ഷങ്ങളിലും ഇത്തരത്തില്‍ ഉച്ച വിശ്രമം അനുവദിച്ചിരുന്നു. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് യു. എ. ഇ. യില്‍ ഇത് നടപ്പിലാക്കുന്നത്.
 
വേനല്‍ കാലത്ത് തൊഴിലാളികളുടെ സുരക്ഷയ്ക്കായി കമ്പനികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. പ്രാഥമിക ചികിത്സ നല്‍കുന്നതിനുള്ള സൗകര്യം, കുടി വെള്ളം, അവശരാകുന്ന തൊഴിലാളികള്‍ക്ക് വിശ്രമി ക്കുന്നതിനുള്ള സൗകര്യം തുടങ്ങിയവ തൊഴില്‍ സ്ഥലത്ത് ഒരുക്കിയിരിക്കണം. കനത്ത ചൂടില്‍ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് തൊഴിലാളികളോടും നിര്‍ദേശമുണ്ട്.
 
ഉച്ച വിശ്രമം അനുവദിക്കാതെ നിയമം ലംഘിക്കുന്ന കമ്പനികളെ കര്‍ശനമായി നേരിടുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. 30,000 ദിര്‍ഹം വരെ പിഴയും തൊഴില്‍ വിസ ഇഷ്യൂ ചെയ്യുന്നതിന് ഒരു വര്‍ഷത്തെ നിരോധനവുമാണ് നേരിടേണ്ടി വരിക. നിയമം ലംഘിക്കുന്ന കമ്പനികളെ കണ്ടെത്താന്‍ തൊഴില്‍ മന്ത്രാലയം പ്രതിനിധികള്‍ രാജ്യത്ത് ആകമാനം പരിശോധന നടത്തും. 12 സംഘങ്ങളായി 325 പ്രത്യേക വിഭാഗത്തെയാണ് പരിശോധന നടത്താനായി നിയോഗിച്ചിരിക്കുന്നത്.

Labels:

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്