28 October 2009

ദുബായ് വ്യത്തിയാക്കാന്‍ ക്ലീന്‍ അപ് ദ വേള്‍ഡ് കാമ്പയിന്‍

പരിസരം ശുചിയാക്കല്‍ ഒരു ആഘോഷമാണോ? ആണെന്ന് വിളിച്ചോതുന്നതായിരുന്നു ദുബായ് മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ക്ലീന്‍ അപ് ദ വേള്‍ഡ് കാമ്പയിന്‍. ദുബായിലെ കടല്‍ത്തീരങ്ങള്‍ അടക്കം വിവിധ പ്രദേശങ്ങള്‍ വൃത്തിയാക്കുന്ന പരിപാടിയാണിത്. കാമ്പയിന്‍ ഉദ്ഘാടനത്തിനായി മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ ഹുസൈന്‍ നാസര്‍ ലൂത്ത അടക്കമുള്ള പ്രമുഖര്‍ ദുബായ് അല്‍ മംസാറില്‍ എത്തിയിരുന്നു.

വിവിധ സ്കൂളുകളില്‍ നിന്നുള്ള കുട്ടികളുടെ കലാപരിപാടികള്‍ ഉദ്ഘാടനത്തോട് അനുബന്ധിച്ച് അരങ്ങേറി. പരമ്പരാഗത വാദ്യോപകരണങ്ങളുമായി ബദുക്കളുടെ പാട്ടുകളും ഉണ്ടായിരുന്നു.
മാലിന്യങ്ങള്‍ കുറയ്ക്കുന്നതിന്‍റേയും പരിസ്ഥിതി സംരക്ഷണത്തിന്‍റേയും ആവശ്യകത വിളിച്ചോതുന്നതായിരുന്നു ക്ലീന്‍ അപ് ദ വേള്‍ഡ് കാമ്പയിന്‍.
22,000ത്തോളം വളണ്ടിയര്‍മാരാണ് ഈ പരിസര ശുചീകരണ യജ്ഞനത്തില്‍ പങ്കെടുത്തത്.

മരുഭൂമിയും കടല്‍ത്തീരങ്ങളും പാര്‍പ്പിട കേന്ദ്ര പ്രദേശങ്ങളും ലേബര്‍ ക്യാമ്പ് പ്രദേശങ്ങളുമെല്ലാം ക്ലീന്‍ അപ് ദ വേള്‍ഡ് കാമ്പയിനോട് അനുബന്ധിച്ച് വൃത്തിയാക്കുന്നുണ്ട്. നാദര്‍ ഷിബ, വാദി അല്‍ അംറാദി, അല്‍ ഖൂസ്, നാദര്‍ ഹമര്‍, അല്‍ ഖവാനീജ്, അല്‍ അവീര്‍, ഖിസൈസ് ലേബര്‍ ക്യാമ്പ്, റാസല്‍ ഖോര്‍ തുടങ്ങിയ ഇടങ്ങളെല്ലാം ശൂചീകരണ യജ്ഞത്തിന്‍റെ ഭാഗമാണ്.
സ്കൂള്‍ കുട്ടികളും ഉദ്യോഗസ്ഥരും തൊഴിലാളികളുമെല്ലാം ഈ കാമ്പയിന്‍രെ ഭാഗമായി.
കടലിലെ അടിത്തട്ടും വൃത്തിയാക്കാന്‍ അധികൃതര്‍ ശ്രദ്ധിച്ചിരുന്നു. ദുബായ് പോലീസില്‍ നിന്നുള്ള 40 മുങ്ങല്‍ വിദഗ്ധരാണ് കടല്‍ വൃത്തിയാക്കാനായി എത്തിയത്.

തങ്ങളുടെ വീട് വൃത്തിയായ സൂക്ഷിക്കുന്നത് പോലെ തന്നെ പരിസരവും വൃത്തിയായി സൂക്ഷിക്കണം എന്ന സന്ദേശം നല്‍കുന്നതായിരുന്നു ക്ലീന്‍ അപ് ദ വേള്‍ഡ് കാമ്പയിന്‍. കുട്ടിക്കാലം മുതല്‍ തന്നെ ഈ ബോധം വളര്‍ത്തുക എന്ന ഉദ്ദേശത്തോയാണ് കുട്ടികളേയും ഈ കാമ്പയിന്‍റെ ഭാഗമാക്കിയത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്