26 October 2009

തെരുവത്ത് രാമനെ അനുസ്മരിച്ചു

theruvath-ramanദുബായ് : മലയാളത്തിലെ ആദ്യത്തെ സായാഹ്ന പത്രമായ പ്രദീപ ത്തിന്റെ സ്ഥാപകനും മലയാള പത്ര പ്രവര്‍ത്തന രംഗത്ത് ആചാര്യ സ്ഥാനീയനുമായ തെരുവത്ത് രാമനെ ദുബായില്‍ അനുസ്മരിച്ചു. സലഫി ടൈംസ് സ്വതന്ത്ര പത്രിക, കേരള റീഡേഴ്‌സ് ആന്‍ഡ് റൈറ്റേഴ്‌സ് ഫോറം (ദുബായ് വായനക്കൂട്ടം), മലയാള സാഹിത്യ വേദി, അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ദുബായ് കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന അനുസ്മരണ യോഗത്തില്‍ സലഫി ടൈംസ് പത്രാധിപര്‍ കെ. എ. ജബ്ബാരി അദ്ധ്യക്ഷത വഹിച്ചു.
 

theruvath-raman-dubai

ഭാസ്ക്കര പൊതുവാള്‍ തെരുവത്ത് രാമന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു. കെ.എ. ജബ്ബാരി, പുന്നക്കന്‍ മുഹമ്മദലി, ജാനകിയമ്മ‍, ബഷീര്‍ തിക്കൊടി, നാസര്‍ പരദേശി, സെയ്നുദ്ദീന്‍ പുന്നയൂര്‍ക്കുളം എന്നിവര്‍ വേദിയില്‍. (ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം)

 
യു. എ. ഇ. സന്ദര്‍ശിക്കുന്ന മലയാള ഭാഷാ പാഠശാല ഡയറക്ടര്‍ ഭാസ്കര പൊതുവാള്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ചിലരുടെ അസാന്നിദ്ധ്യം സാന്നിദ്ധ്യമാണെന്നും, ആ അസാന്നിദ്ധ്യമാണ് മലയാള പത്ര പ്രവര്‍ത്തന രംഗത്ത് തെരുവത്ത് രാമന്റെ വിയോഗത്തിലൂടെ ഉണ്ടായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പത്ര പ്രവര്‍ത്തനത്തെ ജീര്‍ണ്ണത യിലേക്ക് നയിച്ച പുതിയ കാലത്തെ കോട്ടുധാരികളായ പത്ര - മാധ്യമ പ്രവര്‍ത്തകര്‍ക്ക് അപവാദമാണ്, ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച രാമനെ പോലുള്ളവരുടെ പത്ര പ്രവര്‍ത്തനം. “പ്രദീപം” പോലുള്ള സായഹ്ന പത്രങ്ങള്‍ ഉയര്‍ത്തി വിട്ട സാമൂഹ്യ മാറ്റത്തിന്റെയും സാംസ്ക്കാരിക ജീര്‍ണ്ണതക്ക് എതിരെയും ഉള്ള കാഹളം, എന്നും മലയാള പത്ര - മാധ്യമ പ്രവര്‍ത്തനത്തിന് വഴി കാട്ടി ആയിരുന്നു എന്ന് ഭാസ്ക്കര പൊതുവാള്‍ പറഞ്ഞു.
 
ചിരന്തന സാംസ്ക്കാരിക വേദി പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി, പ്രമുഖ സാഹിത്യകാരനും വാഗ്മിയുമായ ബഷീര്‍ തിക്കൊടി, സാമൂഹ്യ സാഹിത്യ രംഗത്തെ സജീവ സാന്നിധ്യമായ സെയ്നുദ്ദീന്‍ പുന്നയൂര്‍ക്കുളം, കെ. എം. സി. സി. തൃശ്ശൂര്‍ ജില്ലാ ജന. സെക്രട്ടറി മുഹമ്മദ് വെട്ടുകാട്, കെ. എം. സി. സി. സെന്‍‌ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഏരിയാല്‍ മുഹമ്മദ് കുഞ്ഞ്, ദുബായ് വയനക്കൂട്ടം സെക്രട്ടറി ഹബീബ് തലശ്ശേരി, അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം കേരള സംസ്ഥാന വൈസ് പ്രസിഡണ്ട് നാസര്‍ പരദേശി എന്നിവര്‍ തെരുവത്ത് രാമനെ അനുസ്മരിച്ച് സംസാരിച്ചു.
 
മലയാള സാഹിത്യ വേദി പ്രസിഡണ്ടും എഴുത്തുകാരനുമായ സെയ്നുദ്ദീന്‍ പുന്നയൂര്‍ക്കുളം സ്വാഗതം പറഞ്ഞു.
 
പ്രവാസ കവി മധു കാനായി കൈപ്രവം രചിച്ച “രാമേട്ടന്ന് ആദരാഞ്ജലി” എന്ന കവിത കവി തന്നെ ആലപിച്ചത് പുതുമയുള്ള അനുഭവമായി.
 
ഓള്‍ കേരള ബാല ജന സഖ്യം എക്സ് ലീഡേഴ്‌സ് ഫോറം പ്രസിഡണ്ട് പി. യു. പ്രകാശന്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. മിഡില്‍ ഈസ്റ്റ് ചന്ദ്രിക എഡിറ്റര്‍ ഇന്‍ ചാര്‍ജ് ജലീല്‍ പട്ടാമ്പി, കെ. എം. സി. സി. കൈപ്പമംഗലം മണ്ഡലം ജന. സെക്രട്ടറി ഉബൈദ് കൈപ്പമംഗലം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം സെക്രട്ടറി മുഹമ്മദ് ബഷീര്‍ മാമ്പ്ര നന്ദി പറഞ്ഞു.
 
യു.എ.ഇ. യില്‍ ഹ്രസ്വ കാല സന്ദര്‍ശനത്തിനായി എത്തി മലയാളി സദസ്സുകളെ ഏറെ പരിപോഷിപ്പിക്കുകയും ഇപ്പോള്‍ തിരികെ നാട്ടിലേക്ക് മടങ്ങുവാന്‍ ഒരുങ്ങുകയും ചെയ്യുന്ന ഭാസ്ക്കര പൊതുവാളിനെ ചടങ്ങിനോട നുബന്ധിച്ച് ബഷീര്‍ തിക്കൊടി പൊന്നാട അണിയിക്കുകയും സ്നേഹ നിര്‍ഭരമായ യാത്രയയപ്പു നല്‍കുകയും ചെയ്തു.
 
- ജബ്ബാരി കെ.എ., ദുബായ് കറസ്പോണ്ടന്റ്
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്