17 June 2009

ദുബായിലെ വാഹാനാപകട മരണ നിരക്ക് ബ്രിട്ടനേക്കാള്‍ ഏഴ് മടങ്ങ്

ഗള്‍ഫ് മേഖലയില്‍ ജനസംഖ്യാനുപാതികമായി വാഹനാപകട മരണ നിരക്ക് ഏറ്റവും കൂടുതല്‍ ദുബായിലാണെന്ന് ലോകാരോഗ്യ സംഘടന നടത്തിയ പഠന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നു. 2007 ലെ സ്ഥിതി വിവരം അനുസരിച്ച് ഒരു ലക്ഷം പേരില്‍ 37.1 പേരാണ് ദുബായില്‍ വാഹനാപകടത്തില്‍ മരിക്കുന്നത്. ദുബായിലെ വാഹാനാപകട മരണ നിരക്ക് ബ്രിട്ടനേക്കാള്‍ ഏഴ് മടങ്ങ് അധികമാണെന്നും 287 പേജുള്ള റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ബഹ്റിനില്‍ 12.1 ശതമാനവും കുവൈറ്റില്‍ 16.9 ശതമാനവും ഖത്തറില്‍ 23.7 ശതമാനവും സൗദി അറേബ്യയില്‍ 29 ശതമാനവും വീതമാണ് വാഹനാപകട മരണ നിരക്ക്.
റിപ്പോര്‍ട്ടനുസരിച്ച് 17,54,420 വാഹനങ്ങളാണ് 2007 ല്‍ ദുബായില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ലോകാരോഗ്യ സംഘടന പഠനത്തിനു വിധേയമാക്കിയ ലോകത്തെ 178 രാജ്യങ്ങളില്‍ 98 ശതമാനം രാജ്യങ്ങളും റോഡ് സുരക്ഷയില്‍ മോശം നിലവാരമാണ് പുലര്‍ത്തുന്നത്.

ലോകത്ത് ഓരോ വര്‍ഷവും ഏതാണ്ട് 13 ലക്ഷം ആളുകളാണ് റോഡപകടങ്ങളില്‍ മരിക്കുന്നത്. 50 ലക്ഷത്തോളം പേര്‍ക്ക് പിരിക്കേല്‍ക്കുകയും അംഗവൈകല്യങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നുണ്ട്.
അതേ സമയം അപകടങ്ങള്‍ കുറക്കുന്നതിനായി സ്വീകരിച്ച ശക്തമായ നടപടികളുടെ ഭാഗമായി ദുബായില്‍ അപകട മരണ നിരക്ക് മുന്‍ വര്‍ഷത്തേക്കാള്‍ 18 ശതമാനത്തോളം കുറഞ്ഞിട്ടുണ്ടെന്ന് ദുബായ് പോലീസ് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആദ്യ നാല് മാസത്തില്‍ ദുബായില്‍ 102 പേരാണ് അപകടത്തില്‍ മരിച്ചത്. എന്നാല്‍ ഈ വര്‍ഷം ഇതേ കാലയളവില്‍ മരിച്ചവരുടെ എണ്ണം 84 മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന്‍റെ ഭാഗമായി ദുബായില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
മെയ് മാസത്തില്‍ മാത്രം ദുബായില്‍ ഗതാഗത നിയമം ലംഘിച്ച 1,07,000 പേര്‍ക്കാണ് പിഴ ശിക്ഷ ലഭിച്ചത്. ബര്‍ദുബായില്‍ മാത്രം 63,000 പേര്‍ക്കാണ് പിഴ നല്‍കിയത്. ദേരയില്‍ 44,000 പേര്‍ക്ക് പിഴ ശിക്ഷ ലഭിച്ചു.
അമിത വേഗത, ലൈന്‍ മാറുമ്പോള്‍ അച്ചടക്കം പാലിക്കാതിരിക്കുക, ഗതാഗത തടസം സൃഷ്ടിക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക തുടങ്ങിയവയ്ക്കാണ് പിഴ നല്‍കിയിരിക്കുന്നത്.
25,000ത്തിലധികം പേര്‍ ലൈന്‍ മാറുമ്പോള്‍ അച്ചടക്കം പാലിക്കാത്തതിന്‍റെ പേരിലാണ് പിടിയിലായത്. ഗതാഗത തടസം സൃഷ്ടിച്ചതിന് 11,000 പേര്‍ക്കും 4100 പേര്‍ക്ക് വാഹനമോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സുമായി വാഹനമോടിച്ചതിന് 1410 പേര്‍ക്കും പിഴ ലഭിച്ചു.
നിരോധിത മേഖലയില്‍ വാഹനം പാര്‍ക്ക് ചെയ്തതിന് 3660 പേര്‍ക്കും നടപ്പാതയില്‍ വാഹനം പാര്‍ക്ക് ചെയ്തതിന് 2700 പേര്‍ക്കും പിഴ ലഭിച്ചു.
ഗുരുതരമായ നിയമലംഘനം നടത്തിയതിനെ തുടര്‍ന്ന് മെയ് മാസത്തില്‍ മാസത്തില്‍ മാത്രം 1210 വാഹനങ്ങള്‍ ദുബായ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്