29 April 2009

പന്നി പനിക്കെതിരെ യു. എ. ഇ. ജാഗ്രതയില്‍

വൈറസ് രോഗമായ പന്നി പനിയെ തടയാന്‍ യു.എ.ഇ. ജാഗ്രത പ്രഖ്യാപിച്ചു. രാജ്യം രോഗ മുക്തമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേ സമയം മേഖലയിലെ സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ ജി.സി.സി. ആരോഗ്യ മന്ത്രിമാരുടെ യോഗം ഖത്തറില്‍ ചേരും. മെക്സിക്കോയിലും അമേരിക്കയിലും വ്യാപകമായി പടര്‍ന്ന് പിടിച്ച് നിരവധി പേരെ കൊന്നൊടുക്കിയ വൈറസ് രോഗമായ പന്നി പനി തടയാന്‍ യു.എ.ഇ. ആരോഗ്യ മന്ത്രാലയമാണ് ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിരിക്കുന്നത്. യു.എ.ഇ. രോഗ മുക്തമാണെന്നും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.
 
പന്നി പനി കണ്ടെത്താനുള്ള എല്ലാ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് യു.എ.ഇ. ആരോഗ്യ മന്ത്രി ഹുമൈദ് മുഹമ്മദ് അല്‍ ഖാത് മി പറഞ്ഞു. മുന്‍കരുതലായി മതിയായ രീതിയില്‍ ആന്‍റി വൈറല്‍ മരുന്നുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ യു.എ.ഇ. പ്രത്യേക കമ്മിറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്.
 
അതേസമയം മേഖലയിലെ സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ ജി.സി.സി. ആരോഗ്യ മന്ത്രിമാരുടെ യോഗം ഖത്തറില്‍ ചേരും. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ അടുത്ത ശനിയാഴ്ചയാണ് ആരോഗ്യ മന്ത്രിമാര്‍ യോഗം ചേരുന്നത്. ഈ വൈറസ് രോഗത്തിനെതിരെ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിന് വേണ്ട നടപടികള്‍ ഈ യോഗത്തില്‍ തീരുമാനിക്കും. ടെക്നിക്കല്‍ കമ്മിറ്റിയും അധികം വൈകാതെ തന്നെ സൗദി അറേബ്യയിലെ റിയാദില്‍ യോഗം ചേരുമെന്ന് അറിയുന്നു.
 




 
 

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്