
SYS റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ദുആ മജിലിസും സംഘടിപ്പിച്ചു. ഋഷി തുല്യനായ പണ്ഡിത വരേണ്യനും ആത്മീയ നായകനുമായിരുന്ന മഹാനുഭാവന്റെ വിയോഗം മുസ്ലിം കൈരളിക്കേററ കനത്ത വിടവാണെന്ന് സമ്മേളന പ്രമേയം ചൂണ്ടിക്കാട്ടി. നിരാലംബരുടെ അത്താണിയും മാറാ രോഗികളുടെ അഭയവുമായി മാറി സകലരുടെയും പിന്തുണ നേടിയ തങ്ങള്‍ ജന മനസ്സുകളില്‍ കെടാ വിളക്കായി എന്നെന്നും പ്രോജ്ജ്വലിച്ചു നില്‍ക്കും. സാമുദായിക മൈത്രി കാത്തു സൂക്ഷിക്കുകയും അതൊരു ദൗത്യമായി ഏറ്റെടുക്കുകയും ചെയ്ത് സര്‍വ്വ മത സാഹോദര്യം പ്രായോഗിക തലത്തില്‍ കൊണ്ടു വന്ന അപൂര്‍വ വ്യക്തി കൂടിയായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങള്‍. മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ അമരത്തിരിക്കുമ്പോഴും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ആദരവ് പിടിച്ചു പറ്റിയവര്‍ ചരിത്രത്തില്‍ വിരളമായിരിക്കും. ബഹു ഭൂരിപക്ഷം വരുന്ന മുസ്ലിം വിഭാഗത്തിന്‍റെ സത്യ സരണിയായ സമസ്തയുടെയും കീഴ്ഘടകങ്ങളുടെ യും വഴികാട്ടിയും ഉപദേശകനു മായിരുന്ന തങ്ങളുടെ വേര്‍പാട് സമസ്തക്കും തീരാ നഷ്ടമാണ്. സമസ്ത കേരള ജമിയ്യത്തുല്‍ ഉലമയെ അംഗീകരിക്കുന്ന നൂറു കണക്കിന് മഹല്ലുകളുടെ ഖാദിയും ആയിരത്തോളം മത സ്ഥാപന ങ്ങളുടെ അധ്യക്ഷനും ആയിരുന്നു തങ്ങള്‍. സമസ്തയുടെ സുപ്രധാനമായ തീരുമാനങ്ങളുടെ അവസാന വക്കും കോടപ്പനക്കല്‍ തറവാടായിരുന്നു. സമ്മേളനം തങ്ങളുടെ പരലോക മോക്ഷത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും ദുഃഖത്തില്‍ പങ്കു ചേരുകയും ചെയ്തു.

പ്രമുഖ പണ്ഡിതന്‍ അന്‍വര്‍ അബ്ദുല്ല ഫള്ഫരി ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ പ്രസിഡണ്ട് ഷാഫി ദാരിമി അധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റ് അംഗങ്ങളായ മൊയ്ദീന്‍ കുട്ടി തെന്നല, ബഷീര്‍ ഫൈസി ചെരക്കാപറബ്, അബ്ദുല്ല ഫൈസി കണ്ണൂര്‍ , ജലാലുദ്ദീന്‍ അന്‍വരി കൊല്ലം, അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി നൗഷാദ് അന്‍വരി പ്രമേയം അവതരിപ്പിച്ചു. കരീം ഫൈസി ചേരൂര്‍ സ്വാഗതവും മജീദ് പത്തപ്പിരിയം നന്ദിയും പറഞ്ഞു.
-
നൗഷാദ് അന്‍വരി, റിയാദ് Labels: obituary, saudi
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്