05 June 2009

കേര കുടുംബ സംഗമം ഇന്ന്

kera-logoകേരളത്തിലെ ഒന്‍പത് പ്രമുഖ എഞ്ചിനീയറിങ് കോളജുകളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളുടെ യു. എ. ഇ. യിലെ ഏകോപന സമിതിയായ കേര ( Kerala Engineering Alumni - KERA ) യുടെ അഞ്ചാം വാര്‍ഷിക ആഘോഷങ്ങളും കുടുംബ സംഗമവും ജൂണ്‍ 5 വെള്ളിയാഴ്ച്ച ദുബായ് ദെയ്‌റയിലെ റിനായസന്‍സ് ഹോട്ടലില്‍ വെച്ച് നടക്കും.
 
സിം‌ഫണി ടി. വി. യുടെ എം. ഡി. യും സി. ഇ. ഓ. യുമായ വി. കൃഷ്ണകുമാര്‍ ആണ് മുഖ്യ അതിഥി. രാവിലെ 10 മണിക്കു തന്നെ റെജിസ്ട്രേഷന്‍ ആരംഭിക്കും. വൈകീട്ട് ആറ് മണി വരെ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന വ്യത്യസ്ത കലാ സാംസ്ക്കാരിക പരിപാടികള്‍ അരങ്ങേറും.
 
യു. എ. ഇ. യില്‍ സജീവമായ പ്രവര്‍ത്തനം നടത്തുന്ന കേരളത്തിലെ എഞ്ചിനിയറിങ് കോളജുകളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളെ ഒരു കുടക്കീഴില്‍ കൊണ്ടു വന്ന കേര 2004ല്‍ ആണ് രൂപീകൃതമായത്. യു. എ. ഇ. യിലെ തന്നെ ഏറ്റവും അധികം അംഗ സംഖ്യയുള്ള പ്രൊഫഷണല്‍ സംഘടന ആയിരിക്കും കേര. യു. എ. ഇ. യിലെ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രമുഖ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആറായിരത്തില്‍ പരം എഞ്ചിനിയര്‍മാര്‍ കേരയില്‍ അംഗങ്ങളാണ്. തിരുവനന്തപുരം CETA , കൊല്ലം TKM , കോതമംഗലം MACE , കൊച്ചി MAST , കൊച്ചി CUBA , തൃശ്ശൂര്‍ TRACE , കോഴിക്കോട് REC , കണ്ണൂര്‍ KEE , പാലക്കാട് NSSCE എന്നീ കോളജുകള്‍ ആണ് കേരയില്‍ അംഗങ്ങള്‍.
 
കഴിഞ്ഞ വര്‍ഷം കേര യുടെ ആഭിമുഖ്യത്തില്‍ ഒട്ടേറെ പരിപാടികള്‍ ആസൂത്രണം ചെയ്തു നടത്തുകയുണ്ടായി എന്ന് പാലക്കാട് എന്‍. എസ്. എസ്. എഞ്ചിനീയറിങ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രതിനിധിയും കേരയുടെ പ്രസിഡണ്ടും ആയ മൊയ്തീന്‍ നെക്കരാജ് അറിയിച്ചു.
 

dr-vijay-bhatkar-moideen-nekkaraj

പത്മശ്രീ ഡോ. വിജയ് ഭട്കര്‍ക്ക് മൊയ്തീന്‍ നെക്കരാജ് കേരയുടെ സ്നേഹോപഹാരം നല്‍കുന്നു

 

Sreekumaran-Tampi-Moideen-Nekkaraj-Kera-Onam-Celebration

കേര ഓണാഘോഷത്തില്‍ മുഖ്യ അതിഥിയായ ചലച്ചിത്രകാരന്‍ ശ്രീകുമാരന്‍ തമ്പിയും കേര പ്രസിഡണ്ട് മൊയ്തീന്‍ നെക്കരാജും

 

siddique-moideen-nekkaraj

കേര ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത പ്രശസ്ത സിനിമാ നടന്‍ സിദ്ദിഖ്

 
ശ്രീകുമാരന്‍ തമ്പി മുഖ്യ അതിഥിയായ ഓണാഘോഷം, ചിത്രകലാ പ്രദര്‍ശനം, ദുബായിലും അബുദായിലും നടത്തിയ സംഗീത നിശകള്‍, സ്പീച്ച് ക്രാഫ്റ്റ് ശില്‍പ്പശാല, ഇന്ത്യയുടെ സൂപ്പര്‍ കമ്പ്യൂട്ടറിന്റെ ഉപജ്ഞാതാവായ പത്മശ്രീ ഡോ. വിജയ് ഭട്കറുമായി ചേര്‍ന്ന് സംഘടിപ്പിച്ച സാങ്കേതിക സെമിനാര്‍, യോഗാ ക്ലാസ്, നടന്‍ സിദ്ദിഖുമായി ഇഫ്താര്‍ വിരുന്ന്, മൈന്‍ഡ് മാപ്പിങ് ശില്‍പ്പ ശാല, ക്രിക്കറ്റ് മത്സരങ്ങള്‍ എന്നിവയാണ് കഴിഞ്ഞ വര്‍ഷം കേര നടത്തിയ പ്രധാന പരിപാടികള്‍.
 
ഇതിനു പുറമെ കേരയുടേയും ICWC യുടേയും സംയുക്തമായ ആഭിമുഖ്യത്തില്‍ പലപ്പോഴായി ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും അവിടത്തെ സാഹചര്യങ്ങളെ പറ്റി പഠിച്ച് അന്വേഷണ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ചെയ്തു. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി (Indian Community Welfare Committee - ICWC ) യില്‍ അംഗമാണ് കേര. ICWC യുമായി ചേര്‍ന്ന് ഒട്ടേറെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളും കേര നടത്തുന്നുണ്ടെന്ന് കേര പ്രസിഡണ്ട് മൊയ്തീന്‍ നെക്കരാജ് വെളിപ്പെടുത്തി.
 



 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്