04 June 2009

കമല സുരയ്യയെ അനുസ്മരിച്ചു

leela-menonമലയാള സാഹിത്യത്തെ ലോക സാഹിത്യത്തോളം ഉയര്‍ത്തിയ കമല സുരയ്യയുടെ നിര്യാണത്തിനോട് അനുബന്ധിച്ച് ദുബായ് കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ വെച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു. ദുബായ് കെ. എം. സി. സി., സര്‍ഗ്ഗ ധാര തൃശ്ശൂര്‍ ജില്ലാ കമ്മറ്റി, വായനക്കൂട്ടം എന്നീ സംഘടനകള്‍ സംയുക്തം ആയാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്.
 
പ്രശസ്ത മാധ്യമ പ്രവര്‍ത്തക ലീലാ മേനോന്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. കമല സുരയ്യയുടെ ഏറ്റവും അടുത്ത കൂട്ടുകാരി ആയിരുന്ന ലീലാ മേനോന്‍ കമലയെ കുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ പങ്കു വെച്ചു. നിഷ്ക്കളങ്കവും നിരുപാധികവുമായ സ്നേഹം കൊണ്ട് തന്റെ ചുറ്റിലുമുള്ളവരുടെ മനസ്സ് നിറച്ച കമല പക്ഷെ ജീവിത സായഹ്നത്തില്‍ ഏറെ ദുഃഖിതയായിരുന്നു എന്ന് അവര്‍ അനുസ്മരിച്ചു. ഏറെ വിവാദമായ തന്റെ മതം മാറ്റത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ അവര്‍ ഏറെ സ്നേഹിച്ച മലയാള നാടിനെ തന്നെ ഉപേക്ഷിച്ച് പൂനയിലേക്ക് യാത്രയാവാന്‍ അവരെ നിര്‍ബന്ധിതയാക്കി. മരിക്കുന്നതിന് ഏതാനും ആഴ്ച്ചകള്‍ മുന്‍പ് താന്‍ കമലയെ പൂനയില്‍ ചെന്ന് കണ്ടിരുന്നു. അപ്പോഴും അവര്‍ തനിക്ക് പതിവായി ലഭിച്ചു കൊണ്ടിരുന്ന, തന്നെ പുലഭ്യം പറഞ്ഞ് ആള്‍ക്കാര്‍ അയക്കുന്ന എഴുത്തുകള്‍ കാണിച്ച് തന്നെ എല്ലാരും വെറുക്കുന്നുവല്ലോ എന്ന് വിലപിക്കുകയുണ്ടായി എന്നും ലീലാ മേനോന്‍ ഓര്‍ക്കുന്നു.
 

Click to enlarge

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
ഇസ്ലാം മതം സ്വീകരിച്ച അവരെ ഇസ്ലാം മതം പഠിപ്പിക്കാന്‍ ഒരു മുസല്യാര്‍ ഒരു മാസം ദിവസേന വന്ന് അവര്‍ക്ക് ക്ലാസ് എടുത്തു. ഇതിനെ തുടര്‍ന്ന്‍ കമല എഴുതിയ യാ അള്ളാഹ് എന്ന കൃതി ലോകമെമ്പാടുമുള്ള വായനക്കാര്‍ ആവേശത്തോടെ ഏറ്റു വാങ്ങുകയുണ്ടായി. കേവലം ഒരു മാസത്തെ മത പഠനം കൊണ്ട് ഇത്തരം ഒരു കൃതി സൃഷ്ടിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞെങ്കില്‍ എത്ര മഹത്തായ ഒരു പ്രതിഭ ആയിരുന്നു കമല സുരയ്യ എന്ന് ലീലാ മേനോന്‍ ചോദിക്കുന്നു.
 



 
പ്രശസ്ത എഴുത്തുകാരായ അക്ബര്‍ കക്കട്ടില്‍ മാധവിക്കുട്ടിയുടെ ഏറെ കോളിളക്കം സൃഷ്ടിച്ച എന്റെ കഥ മുതല്‍ യാ അള്ളാഹ് വരെ നീണ്ട അവരുടെ എഴുത്തും കാരുണ്യത്തിന്റെ നിലക്കാത്ത പ്രവാഹമായ അവരുടെ ജീവിതവും അനുസ്മരിച്ചു. നിഷ്ക്കളങ്കത തന്നെയാണ് അവരുടെ പെരുമാറ്റത്തിലെ ഏറ്റവും വലിയ സവിശേഷതയായി തനിക്ക് തോന്നിയിട്ടുള്ളത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 



 
പ്രവാസ ചന്ദ്രിക എഡിറ്ററും കഥാ കൃത്തും ആയ ശിഹാബുദ്ദീന്‍ പൊയ്ത്തും‌കടവ്, ദുബായ് കെ. എം. സി. സി. പ്രസിഡണ്ട് എളേറ്റില്‍ ഇബ്രാഹിം, കമലാ സുരയ്യയുടെ “യാ അല്ലാഹ്” എന്ന കൃതി ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയ അഹമ്മദ് മൂന്നാം കൈ, ബഷീര്‍ തിക്കൊടി, ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. ഐ. എം. എഫ്. പ്രസിഡണ്ട് പി. വി. വിവേകാനന്ദന്റെ സന്ദേശം യോഗത്തില്‍ വായിച്ചു.
 





 
ചീഫ് കോ ഓര്‍ഡിനേറ്റര്‍ കെ. എ. ജബ്ബാരി അദ്ധ്യക്ഷത വഹിച്ചു. അലി മാസ്റ്റര്‍ സ്വാഗതവും, അഷ്രഫ് നാറാത്ത് കവിതയും മുഹമ്മദ് വെട്ടുകാട് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജമാല്‍ മനയത്ത്, അഡ്വ. ജയരാജ് തോമസ്, ശശി മൊഹാബി, അഷ്രഫ് കിള്ളിമംഗലം തുടങ്ങിയവര്‍ സംബന്ധിച്ചു.
 
 

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്