01 June 2009

ലൈസന്‍സില്‍ ബ്ലാക്ക് പോയന്‍റുള്ളവര്‍ക്ക് അത് ഒഴിവാക്കാന്‍ ദുബായ് പോലീസ് അവസരം ഒരുക്കി

ട്രാഫിക് നിയമം ലംഘിച്ചതിനെ തുടര്‍ന്ന് ലൈസന്‍സില്‍ ബ്ലാക്ക് പോയന്‍റുകള്‍ ഉള്ളവര്‍ക്ക് അവ നീക്കം ചെയ്യാനുള്ള അവസരമാണ് ദുബായ് പോലീസ് മുന്നോട്ട് വച്ചിരിക്കുന്നത്. റോഡ് സുരക്ഷയേയും നിയമങ്ങളേയും കുറിച്ചുള്ള പ്രത്യേക പരിശീലന ക്ലാസില്‍ പങ്കെടുത്താല്‍ പരമാവധി എട്ട് പോയന്‍റുകള്‍ വരെ നീക്കം ചെയ്യാമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.
ഇന്നും നാളെയും ദുബായ് പോലീസിന്‍റെ ട്രാഫിക് ഡിപ്പാര്‍ട്ട് മെന്‍റിലാണ് പരിശീലന പരിപാടി. എല്ലാ ദിവസവും രാവിലെ എട്ടരയ്ക്ക് ക്ലാസുകള്‍ ആരംഭിക്കും. ഇംഗ്ലീഷ്, അറബിക്, ഉറുദു എന്നീ ഭാഷകളില്‍ പ്രത്യേകം ക്ലാസുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂറാണ് ക്ലാസുകളുടെ ദൈര്‍ഘ്യം. ട്രാഫിക് നിയമങ്ങളെക്കുറിച്ചും ഗതാഗത നിയമം ലംഘിച്ച് വാഹനമോടിക്കുന്നത് കൊണ്ടുള്ള അപകടങ്ങളെക്കുറിച്ചുമാണ് ഈ പരിശീലനപരിപാടിയില്‍ പ്രധാനമായും ക്ലാസുകള്‍ ഉണ്ടാവുക.

ലൈസന്‍സില്‍ 24 ബ്ലാക് പോയന്‍റുകള്‍ ഇല്ലാത്തവര്‍ക്കാണ് ഇത്തരത്തില്‍ പരിശീലന ക്ലാസി‍ല്‍ പങ്കെടുത്ത് ബ്ലാക് പോയന്‍റ് കുറയ്ക്കാനുള്ള അവസരം അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. ഗതാഗത നിയമലംഘനങ്ങള്‍ പരമാവധി കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് അധികൃതര്‍ നിയമം ലംഘിക്കുന്നവരുടെ ലൈസന്‍സില്‍ ബ്ലാക് പോയന്‍റുകള്‍ രേഖപ്പെടുത്തുന്ന സംവിധാനം അധികൃതര്‍ നടപ്പിലാക്കിയത്. ഒരു വര്‍ഷത്തില്‍ 24 ബ്ലാക് പോയന്‍റുകള്‍ എന്ന പരിധി കടന്നാല്‍ ദുബായില്‍ ആറ് മാസത്തേക്ക് ലൈസന്‍സ് അധികൃതര്‍ പിടിച്ച് വയ്ക്കും. ഇതോടെ ഈ ലൈസന്‍സ് ഉടമയ്ക്ക് ആറ് മാസത്തേക്ക് വാഹനം ഓടിക്കാന്‍ സാധിക്കില്ല.

രണ്ടാം തവണയും 24 ബ്ലാക് പോയന്‍റുകള്‍ കടന്നാല്‍ വീണ്ടും ആറ് മാസത്തേക്ക് ലൈസന്‍സ് പിടിച്ചു വയ്ക്കും. മൂന്നാമതും ഇത് ആവര്‍ത്തിച്ചാല്‍ ഒരു വര്‍ഷത്തേക്കാണ് ലൈസന്‍സ് പിടിച്ച് വയ്ക്കുക.
യാതൊരു നിയന്ത്രണവുമില്ലാതെ വാഹനമോടിക്കുന്നവര്‍ക്ക് റോഡ് സുരക്ഷയെക്കുറിച്ച് ബോധവാന്മാരാക്കാനുള്ള അവസരമായാണ് ഈ പരിശീലന പരിപാടിയെ കാണുന്നതെന്ന് ദുബായ് പോലീസ് ട്രാഫിക് ഡിപ്പാര്‍ട്ട് മെന്‍റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ പറഞ്ഞു. ലൈസന്‍സില്‍ ബ്ലാക്ക് പോയന്‍റുകള്‍ ഉള്ള പരമാവധി പേര്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏതായാലും ലൈസന്‍സില്‍ 15 ഉം 20 ബ്ലാക് പോയന്‍റുകള്‍ ഉള്ളവര്‍ക്ക് അവയില്‍ കുറവ് വരുത്താനുള്ള അസുലഭ അവസരമാണ് ദുബായ് പോലീസ് മുന്നോട്ട് വച്ചിരിക്കുന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്