07 April 2009

ഖത്തറില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന

ദോഹ: ഖത്തറില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ഈ വര്‍ഷത്തെ ബജറ്റില്‍ കൂടുതല്‍ സംഖ്യ വകയിരുത്തും. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലയിലുണ്ടായ വന്‍ വിലയിടിവ് കാരണം ചെറിയൊരു കമ്മി ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുക.
 
എണ്ണ വില ബാരലിന് 40 ഡോളര്‍ കണക്കാക്കിയാണ് ഈ വര്‍ഷത്തെ ബജറ്റ് തയ്യാറാക്കിയത്. വാതക സമ്പന്ന രാജ്യമായ ഖത്തര്‍ 2001നു ശേഷം ആദ്യമായിട്ടാണ് ചെറിയൊരു കമ്മി ബജറ്റ് അവതരിപ്പിക്കുന്നത്. എണ്ണ വിലയില്‍ വന്‍ തോതിലുണ്ടായ ഇടിവാണ് ഇതിനു കാരണം.
 
പുതിയ വര്‍ഷത്തിലെ ചെലവ് 94.5 ബില്യണ്‍ റിയാലായിരിക്കും. 2008 - 09 വര്‍ഷത്തെ ചെലവ് 95.9 ബില്യണ്‍ റിയാലായിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, മനുഷ്യ ശക്തി വികസനം തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ബജറ്റില്‍ കൂടുതല്‍ തുക അനുവദിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിന് 37.5 ബില്യണ്‍ റിയാല്‍ അനുവദിച്ചു.
 
ധനകാര്യ, സാമ്പത്തിക മന്ത്രി യൂസുഫ് ഹുസൈന്‍ കമാലിനെ ഉദ്ധരിച്ചാണ് ഖത്തര്‍ ന്യൂസ് ഏജന്‍സി ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ആഗോള സാമ്പത്തിക മാന്ദ്യം കാരണമാണ് എണ്ണ വിലയില്‍ ഇടിവുണ്ടായത്. അത് ബജറ്റിനെ ചെറിയ തോതിലെങ്കിലും ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി ഹുസൈന്‍ കമാല്‍ സൂചിപ്പിച്ചു.
 
രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ലക്ഷ്യങ്ങള്‍ കൈവരിക്കു ന്നതിന്നായി വന്‍കിട പദ്ധതികള്‍ക്കാണ് കൂടുതല്‍ തുകകള്‍ നീക്കി വെച്ചിട്ടുള്ളത്.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്