05 April 2009

ടാക്സി മിനിമം നിരക്ക് വര്‍ദ്ധിപ്പിച്ചു

ദുബായ് : ദുബായില്‍ ഹ്രസ്വ ദൂര ടാക്സി യാത്രക്ക് ഇനി മുതല്‍ കൂടുതല്‍ തുക നല്‍കേണ്ടി വരും. പത്ത് ദിര്‍ഹമില്‍ കുറഞ്ഞ ഏത് യാത്രക്കും മിനിമം നിരക്കായി പത്ത് ദിര്‍ഹം നല്‍കേണ്ടി വരുമെന്നതാണ് കാരണം. ദുബായിലെ വിവിധ ടാക്സി കമ്പനികളാണ് ഈ പരിഷ്കാരം നടപ്പാക്കുന്നത്.
 
കഴിഞ്ഞ ദിവസം മുതല്‍ ഇത് നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. മീറ്റര്‍ റീഡിംഗ് തുടങ്ങുന്നത് പഴയതു പോലെ, പകല്‍ മൂന്ന് ദിര്‍ഹവും രാത്രി മൂന്നര ദിര്‍ഹവും എന്ന നിരക്കില്‍ തന്നെയായിരിക്കും. എന്നാല്‍, യാത്രയുടെ അവസാനം പത്ത് ദിര്‍ഹമില്‍ കുറവാണ് തുകയെങ്കില്‍ ബില്ല് വരുമ്പോള്‍, പത്ത് ദിര്‍ഹം നല്‍കേണ്ടി വരും. ഉദാഹരണത്തിന്, ഏഴ് ദിര്‍ഹമാണ് മീറ്ററില്‍ കാണിക്കുന്നതെങ്കിലും പത്ത് ദിര്‍ഹം നല്‍കേണ്ടി വരുമെന്ന് ചുരുക്കം.
 
പത്ത് ദിര്‍ഹമില്‍ അധികമാണ് ബില്‍ തുകയെങ്കില്‍ ഇപ്പോഴുള്ള നിരക്കനുസരിച്ച് മീറ്ററില്‍ കാണിക്കുന്ന തുക നല്‍കിയാല്‍ മതിയാകും. ടാക്സി കമ്പനികളുടെ ആസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഇതു സംബന്ധിച്ച അറിയിപ്പുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ടാക്സി കാറുകളുടെ മീറ്ററുകളില്‍ ഇതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ക്കൊണ്ടിരിക്കുകയാണ്. മീറ്ററില്‍ ഇതിന് മാറ്റം വരുത്തിയ കാറുകളില്‍ ഇതിനകം തന്നെ പുതിയ നിരക്കുകള്‍ നിലവില്‍ വന്നു തുടങ്ങി. ബാക്കിയുള്ള കാറുകളില്‍ ഏതാനും ദിവസങ്ങള്‍ക്കകം ഈ നിരക്ക് നിലവില്‍ വരുമെന്നാണ് ടാക്സി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. നഗരത്തിനുള്ളിലെ ഗതാഗത ക്കുരുക്കില്‍ പെട്ട് നിശ്ചിത 'ടാര്‍ഗറ്റ്' തികക്കുന്നതിന് ബുദ്ധിമുട്ടു ന്നതിനാല്‍, പല ടാക്സി ഡ്രൈവര്‍മാരും കുറഞ്ഞ ദൂരത്തേക്കുള്ള ട്രിപ്പുകള്‍ എടുക്കാറില്ല.
 
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയാണെന്നോ, മെസേജ് ലഭിച്ചിട്ട് പോവുകയാണെന്നോ പറഞ്ഞ് ഹ്രസ്വദൂര ട്രിപ്പുകള്‍ ഒഴിവാക്കുകയാണ് പതിവ്. ഈ പ്രവണത അവസാനി പ്പിക്കുന്നതിന് ഉദ്ദേശിച്ചാണ് പുതിയ പരിഷ്കാരമെന്നാണ് സൂചന. എന്നാല്‍, കുറഞ്ഞ ദൂരത്തേക്ക് ടാക്സി വിളിച്ച് യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്ക് ഇത് ഇരുട്ടടി ആയിരിക്കുകയാണ്. പലപ്പോഴും ബസ് കാത്തു നിന്ന് മടുക്കുന്ന സാധാരണക്കാരാണ് കുറഞ്ഞ ദൂരത്തേക്ക് ടാക്സി വിളിക്കുക. എന്നാല്‍, ഇനി മുതല്‍, ഇത്തരക്കാര്‍ നിലവിലുള്ള നിരക്കിന്റെ ഇരട്ടി വരെ നല്‍കേണ്ടി വരും.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്