07 April 2009

അല്‍ ജസീറ ഫിലിം ഫെസ്റ്റിവല്‍

ദോഹ: അഞ്ചാമത് അല്‍ജസീറ അന്താരാഷ്ട്ര ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിന് ഏപ്രില്‍ 13 ന് തുടക്കമാവും. ഏപ്രില്‍ 16 വരെ നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവല്‍ ദോഹ ഷെറാട്ടണിലാണ് നടക്കുന്നത്. ഫെസ്റ്റിവല്‍ അല്‍ജസീറ ചെയര്‍മാന്‍ ശൈഖ് ഹമദ് ബിന്‍ താമര്‍ ആല്‍താനിയാണ് ഉദ്ഘാടനം ചെയ്യുന്നത്. പ്രമുഖ സംവിധായകരും മാധ്യമ പ്രവര്‍ത്തകരും വിശിഷ്ടാതിഥികളും പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിനു ശേഷം ഉദ്ഘാടന ചിത്രം പ്രദര്‍ശിപ്പിക്കും. അല്‍ജസീറ ഉപഗ്രഹ ചാനല്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ മദ്ധ്യ പൌരസ്ത്യ നാടുകളിലെ സുപ്രധാന ടെലിവിഷന്‍ ഫിലിം ഫെസ്റ്റുകളി ലൊന്നാണ്. ഫെസ്റ്റിവലി നോടനുബന്ധിച്ച് ചിത്ര നിര്‍മ്മാണത്തെ കുറിച്ചും പ്രമുഖ സംവിധായകരുടെ സംഭാവനകളെ കുറിച്ചും മാധ്യമ രംഗം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും പ്രത്യേക ചര്‍ച്ചകളുണ്ടാവും. വിവിധ സ്ഥാപനങ്ങളുടേയും ടെലിവിഷന്‍ കമ്പനികളുടേയും സ്റ്റാളുകളും പുസ്തക ഫോട്ടോ പ്രദര്‍ശനങ്ങളും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.
 
ലോകത്തെ വിവിധ ടെലിവിഷന്‍ ചാനലുകളും ടെലിഫിലിം നിര്‍മ്മാതാക്കളും സാംസ്കാരിക സംഘടനകളും വ്യക്തികളും നിര്‍മ്മിച്ച ചിത്രങ്ങള്‍ നാലു ദിവസം നീണ്ടു നില്‍ക്കുന്ന ഈ അന്താരാഷ്ട്ര ഫെസ്റിവലില്‍ പ്രദര്‍ശിപ്പിക്കും.
 
ഒരു മണിക്കൂറി ലധികമുളള ദീര്‍ഘ ചിത്രങ്ങള്‍, അര മണിക്കൂറിനും ഒരു മണിക്കൂറിനു മിടയില്‍ ദൈര്‍ഘ്യമുളള ഇടത്തരം ചിത്രങ്ങള്‍, അര മണിക്കൂറില്‍ താഴെയുളള ഹൃസ്വ ചിത്രങ്ങള്‍ തുടങ്ങി മൂന്നു വിഭാഗങ്ങളിലാണ് മേളയില്‍ ചിത്രങ്ങള്‍ മത്സരിക്കാ നെത്തുന്നത്. കൂടാതെ 'ന്യൂ ഹൊറൈസണ്‍' എന്ന വിഭാഗത്തില്‍ വിദ്യാര്‍ത്ഥികളുടേയും തുടക്കക്കാരുടേയും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ഈ വര്‍ഷം ഖത്തര്‍ യൂണിവേഴ്സിറ്റിയിലെ മൂന്നു വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
 
മൂന്നു വിഭാങ്ങളിലായി മത്സരിക്കുന്ന ചിത്രങ്ങള്‍ക്ക് അല്‍ജസീറ ഗോള്‍ഡന്‍ അവാര്‍ഡ് നല്‍കുന്നതാണ്. ദീര്‍ഘ ചിത്രങ്ങള്‍ക്ക് അമ്പതിനായിരം റിയാലും ഇടത്തരം ചിത്രങ്ങള്‍ക്ക് നാല്‍പതിനായിരം റിയാലും ഹൃസ്വ ചിത്രങ്ങള്‍ക്ക് മുപ്പതിനായിരം റിയാലുമാണ് അവാര്‍ഡായി നല്‍കുന്നത്. ഇതിനു പുറമേ പ്രത്യേക ജൂറി അവാര്‍ഡ് നേടുന്ന ദീര്‍ഘ ചിത്രങ്ങള്‍ക്ക് ഇരുപത്തി അയ്യായിരം റിയാലും ഇടത്തരം ചിത്രങ്ങള്‍ക്ക് ഇരുപതിനായിരം റിയാലും ഹൃസ്വ ചിത്രങ്ങള്‍ക്ക് പതിനയ്യായിരം റിയാലും സമ്മാനം ലഭിക്കും.വിദ്യാര്‍ത്ഥികളുടെയും കൌമാരക്കാരുടേയും ചിത്രങ്ങള്‍ മത്സരിക്കുന്ന 'ന്യൂ ഹൊറൈസണ്‍' വിഭാഗത്തില്‍ ഒന്നാമതെത്തുന്ന ചിത്രത്തിന് പതിനയ്യായിരം റിയാലും രണ്ടാം സ്ഥാനക്കാര്‍ക്ക് പതിനായിരം റിയാലും സമ്മാനമായി ലഭിക്കും. ഇതു കൂടാതെ കുടുംബത്തേയും കുട്ടികളേയും കേന്ദ്രീകരിച്ചുള്ള ചിത്രങ്ങള്‍ക്ക് രണ്ട് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അല്‍ജസീറയുടെ കുട്ടികളുടെ ചാനലാണ് ഈ അവാര്‍ഡിന്റെ പ്രായോജകര്‍.
 
- മുഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്