01 April 2009

നൈഫ് സൂക്ക് കത്തിയിട്ട് ഒരു വര്‍ഷം; പ്രതീക്ഷയോടെ കച്ചവടക്കാര്‍

മലയാളികളുടെ പ്രമുഖ വ്യാപാര കേന്ദ്രമായിരുന്ന ദേര ദുബായിലെ നൈഫ് സൂക്ക് കത്തി അമര്‍ന്നിട്ട് ഒരു വര്‍ഷം തികയുന്നു. പുതിയ സൂക്ക് ആരംഭിച്ചെങ്കിലും ആ ദുരന്തത്തിന്‍റെ ഓര്‍മ്മ തൊഴിലാളികളെ വിട്ടു മാറിയിട്ടില്ല.

2008 ഏപ്രീല്‍ രണ്ടിന് പുലര്‍ച്ചെയാണ് ദേര ദുബായിലെ നൈഫ് സൂക്കില്‍ വന്‍ അഗ്നിബാധ ഉണ്ടായത്. ഭൂരിഭാഗവും മലയാളികള്‍ ജോലി ചെയ്യുന്ന നൈഫ് സൂക്കിലെ 190 ഓളം കടകളാണ് അഗ്നിബാധയില്‍ കത്തി അമര്‍ന്നത്. ദുബായിലുണ്ടായ വലിയ അഗ്നിബാധകളില്‍ ഒന്നായിരുന്നു ഇത്. തീപിടുത്തത്തെ തുടര്‍ന്ന് നൈഫ് സൂക്കില്‍ ജോലി ചെയ്യുന്ന നിരവധി തൊഴിലാളികളാണ് വഴിയാധാരമായത്. പക്ഷേ ഇവര്‍ക്ക് സഹായവുമായി സന്നദ്ധ സംഘടനകളും ദുബായ് മുനിസിപ്പാലിറ്റി അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളും രംഗത്തെത്തിയിരുന്നു.
മാസങ്ങള്‍ക്കകം തന്നെ കത്തിയമര്‍ന്ന നൈഫ് സൂക്കില്‍ നിന്ന് അല്‍പം മാറി പുതിയ താല്‍ക്കാലിക നൈഫ് സൂക്ക് മുനിസിപ്പാലിറ്റി നിര്‍മ്മിച്ചു നല്‍കി. ഇപ്പോള്‍ ഇവിടെയാണ് ഈ തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. തുണിത്തിരങ്ങളും കളിപ്പാട്ടങ്ങളും ഫാന്‍സി ഐറ്റങ്ങളുമെല്ലാമായി പഴ നൈഫ് സൂക്ക് മാതൃകയില്‍ തന്നെയാണ് പുതിയ നൈഫ് സൂക്കും.

പുതിയ നൈഫ് സൂക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നതെന്ന് അധികം ആളുകള്‍ക്ക് അറിയാത്തതുകൊണ്ട് തന്നെ പഴയ നൈഫ് സൂക്കിന്‍റെ അത്രയും കച്ചവടം ലഭിക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.

പുതിയ സൂക്കില്‍ ജോലി ചെയ്യുമ്പോഴും അഗ്നിനാളങ്ങള്‍ താണ്ഡവമാടിയ ആ കറുത്ത ദിനത്തിന്‍റെ ഓര്‍മ്മകള്‍ ഈ തൊഴിലാളികളെ വിട്ടു പിരിയുന്നില്ല. കച്ചവടം പഴയ പോലെ നടക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്