28 January 2010

ഇന്ത്യന്‍ മീഡിയ ഫോറം ഹെയ്തി സഹായ പാക്കേജ്‌ റെഡ്‌ ക്രെസെന്റിനു കൈമാറി

haiti-reliefദുബായ്‌ : ഹെയ്തിയിലെ ദുരന്ത ബാധിത പ്രദേശങ്ങളിലെ കുട്ടികള്‍ക്ക്‌ നല്‍കാനായി യു.എ.ഇ. ഇന്ത്യന്‍ മീഡിയ ഫോറം ഹെയ്തി ഹെല്‍‌പ് സര്‍വ്വീസിന്റെ സഹായ പാക്കേജ് ദുബായ് റെഡ് ക്രെസെന്റ് സൊസൈറ്റിയ്ക്ക് കൈമാറി. ഒരു ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സഹായ പാക്കേജില്‍ കുട്ടികള്‍ക്കുള്ള പുതിയ വസ്ത്രങ്ങളും, മരുന്നുകളും ഭക്ഷണ കിറ്റുകളുമാണ് അടങ്ങിയിരുന്നത്.
 
വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്തരമൊരു സംരംഭത്തിന് ആരംഭം കുറിക്കുവാനും, വിജയകരമായി പൂര്‍ത്തിയാക്കുവാനും ഫോറത്തിന് കഴിഞ്ഞത് യു.എ.ഇ. യിലെ ചില മനുഷ്യ സ്നേഹികളുടെ സഹായം കൊണ്ട് കൂടിയാണ്. ഫോറം പ്രവര്‍ത്തകരുടെ ഈ മഹത്തായ സഹായ സംരംഭത്തെ കുറിച്ച് അറിഞ്ഞ പലരും ഇതുമായി സഹകരിക്കാന്‍ തയ്യാറായി മുന്നോട്ട് വരികയായിരുന്നു.
 


മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
ഇതില്‍ എടുത്തു പറയാവുന്ന പേരാണ് യു.എ.ഇ. യിലെ പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയുടെ ഉടമയായ ഇസ്മായില്‍ റാവുത്തരുടെത്. കുട്ടികള്‍ക്കുള്ള പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ ഫൈന്‍ ഫെയര്‍ ഗാര്‍മെന്റ്സില്‍ എത്തിയ ഫോറം പ്രവര്‍ത്തകര്‍ക്ക് 44,000 ദിര്‍ഹം വിലയ്ക്കുള്ള പുതിയ വസ്ത്രങ്ങളാണ് ഇവിടെ നിന്നും സൌജന്യമായി നല്‍കിയത്‌.
 
തങ്ങള്‍ ആരംഭിച്ച മാനുഷികമായ എളിയ സംരംഭത്തിന് ഇത്തരമൊരു പിന്തുണ ലഭിച്ചതോടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ആവേശം ഏറി. ഒരു മലയാളി ഡോക്ടറുടെ നേതൃത്വത്തിലുള്ള യു.എ.ഇ. യിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പ്‌ പതിനായിരം രൂപയ്ക്കുള്ള മരുന്നുകള്‍ സൌജന്യമായി നല്‍കി. പേരെടുത്തു പറയാന്‍ ആഗ്രഹിക്കാത്ത മറ്റ് പലരുടെയും സംഭാവനകള്‍ കൂടി ആയതോടെ ഏതാണ്ട് ഒരു ലക്ഷം ദിര്‍ഹം തികഞ്ഞു.
 
ഇന്നലെ ഉച്ചയ്ക്ക് ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ്‌ ഇ.എം. അഷ്റഫിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ മീഡിയ ഫോറം പ്രവര്‍ത്തകര്‍ ഈ സഹായ പാക്കേജ്‌ ദുബായ് റഷീദിയയിലുള്ള റെഡ്‌ ക്രെസെന്റ്റ് സൊസൈറ്റിയുടെ ഓഫീസില്‍ വെച്ച് അധികൃതര്‍ക്ക്‌ കൈമാറി. ഹെയ്തി ദുരിതാശ്വാസത്തിനായി യു.എ.ഇ. യിലെ റെഡ്‌ ക്രെസെന്റ്റ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ റെഡ്‌ ക്രെസെന്റ്റ് അധികൃതര്‍ മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്