04 January 2010
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുര്‍ജ് ദുബായ് ഇന്ന് തുറക്കും![]() 800 മീറ്ററില്‍ അധികം ഉയരത്തില്‍ നില കൊള്ളുന്ന ബുര്‍ജ് ദുബായ് കെട്ടിടത്തിന് 160 ലേറെ നിലകളാണ് ഉള്ളത്. ലോകത്തിന്റെ നെറുകയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ബുര്‍ജ് ദുബായ് കെട്ടിടത്തിന്റെ ഉയരമാണ് പലര്‍ക്കും ചര്‍ച്ചാ വിഷയം ആകുന്നതെങ്കിലും ഈ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന്റെ പുറകിലുള്ള സാങ്കേതിക വൈദഗ്ദ്ധ്യവും 124-ാം നിലയിലെ “അറ്റ് ദ റ്റോപ്” എന്ന സന്ദര്‍ശക ഗാലറിയില്‍ നിന്നുള്ള ആകാശ കാഴ്‌ച്ചയും ഇനിയുള്ള നാളുകളില്‍ ചര്‍ച്ച ചെയ്യപ്പെടും എന്ന് തീര്‍ച്ച. ഉയരത്തിനു പുറമെ മറ്റ് നിരവധി പ്രത്യേകതകളും റെക്കോര്‍ഡുകളും ബുര്‍ജ് ദുബായ് അവകാശപ്പെടുന്നുണ്ട്. കെട്ടിടത്തില്‍ നിന്നും 96 കിലോമീറ്റര്‍ അകലെ നിന്നു പോലും ബുര്‍ജ് ദുബായ് ഗോപുരം ദൃശ്യമാവും. 124-ാം നിലയിലെ സന്ദര്‍ശക ഗ്യാലറി ഇത്തരം പൊതു ജനങ്ങള്‍ക്ക് സന്ദര്‍ശിക്കാവുന്ന ലോകത്തിലെ ഏറ്റവും ഉയരമേറിയ നിരീക്ഷണ ഗ്യാലറിയാണ്. 160 ലക്ഷുറി ഹോട്ടല്‍ റൂമുകളാണ് ഇവിടെയുള്ളത്. 605 മീറ്റര്‍ ഉയരത്തിലേക്ക് കോണ്‍ക്രീറ്റ് പമ്പ് ചെയ്ത് കയറ്റിയതാണ് മറ്റൊരു ലോക റെക്കോര്‍ഡ്. 5500 കിലോഗ്രാം ഭാരം കയറ്റാവുന്ന ബുര്‍ജ് ദുബായിലെ സര്‍വീസ് ലിഫ്റ്റ് 504 മീറ്റര്‍ ഉയരമാണ് താണ്ടുന്നത്. ഇതും ഒരു ലോക റെക്കോര്‍ഡ് തന്നെ. 49 ഓഫീസ് ഫ്ലോറുകള്‍, 57 ലിഫ്റ്റുകള്‍, 1044 സ്വകാര്യ അപ്പാര്‍ട്ട്മെന്റുകള്‍, 3000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള പാര്‍ക്കിംഗ് സ്ഥലം എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. 12,000 ജോലിക്കാരാണ് ഒരേ സമയം ഈ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി ഇവിടെ ജോലി ചെയ്തത്. 31,400 ടണ്‍ ഉരുക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ ഉപയോഗിച്ചു എന്നതും മറ്റൊരു സവിശേഷതയാണ്. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ പ്രവര്‍ത്തിക്കുന്ന ജല ധാരയായ “ദ ദുബായ് ഫൌണ്ടന്‍” ബുര്‍ജ് ദുബായ് കെട്ടിടത്തിന് മുന്‍പില്‍ സ്ഥിതി ചെയ്യുന്നു. Labels: dubai
- ജെ. എസ്.
|
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്