20 September 2009

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍

സൗദി അറേബ്യയും യു.എ.ഇയും ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍. ഒമാനില്‍ നാളെയായിരിക്കും ചെറിയ പെരുന്നാള്‍ ആഘോഷിക്കുക.

സൗദി അറേബ്യയില്‍ ഇന്നലെ ശവ്വാല്‍ മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തിലാണ് സൗദി അറേബ്യ, യു.എ.ഇ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാളായിരിക്കുമെന്ന് സുപ്രിം കൗണ്‍സില്‍ അഥോറിറ്റി പ്രഖ്യാപിച്ചത്. സൗദി സുപ്രീം കോര്‍ട്ട് ചീഫ് ജസ്റ്റിസ് അബ്ദുറഹ്മാന്‍ അബ്ദുല്‍ അസീസ് അല്‍ ഒലയ്യ നേതൃത്വത്തിലുള്ള സുപ്രീം കൗണ്‍സില്‍ സൗദിയിലെ ത്വാഇഫില്‍ യോഗം ചേരുകയും ഇന്ന് പെരുന്നാളായി പ്രഖ്യാപിക്കുകയുമായിരുന്നു. അതേസമയം ഒമാനില്‍ നാളെയായിരിക്കും ചെറിയ പെരുന്നാളെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇന്നലെ രാത്രി യു.എ.ഇയി ഉള്‍പ്പടെയുള്ള വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും വസ്ത്രക്കടകളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
ഇന്ന് രാവിലെ വിവിധ ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാള്‍ നമസ്ക്കാരങ്ങള്‍ നടക്കും. വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഈദ് സംഗമങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ സ്റ്റേജ് ഷോകളും അരങ്ങേറുന്നുണ്ട്. ഇന്ന് ദുബായില്‍ മാത്രം ഈദ് ഇശല്‍ എന്ന പേരിലും മര്‍ഹബ എന്ന പേരിലും രണ്ട് സ്റ്റേജ് ഷോകളാണ് അരങ്ങേറുന്നത്. ഷാര്‍ജയിലും പെരുന്നാള്‍ പ്രത്യേക സ്റ്റേജ് ഷോ അരങ്ങേറുന്നുണ്ട്. ഒരാഴ്ചയോളം നീണ്ട് നില്‍ക്കുന്ന പെരുന്നാള്‍ ആഘോഷങ്ങളാണ് യു.എ.ഇ അടക്കമുള്ള രാജ്യങ്ങളില്‍ ഉണ്ടാവുക. ഈ മാസം 24 ന് വ്യാഴാഴ്ച ഫുജൈറയിലെ എക്സ് പോ സെന്‍ററില്‍ ഈദ് ഇശല്‍ എന്ന പേരില്‍ മാപ്പിളപ്പാട്ട് സ്റ്റേജ് ഷോ അരങ്ങേറും.
പെരുന്നാളിനോട് അനുബന്ധിച്ച് ഈദ് ഇന്‍ ദുബായ് എന്ന പേരില്‍ ആഘോഷങ്ങളും അരങ്ങേറുന്നുണ്ട്.
വിവിധ സംഘടനകളുടെ പെരുന്നാള്‍ ആഘോഷങ്ങളും വരും ദിവസങ്ങളില്‍ നടക്കും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്