09 June 2009

യു.എ.ഇ യില്‍ തൊഴിലാളികള്ക്ക് മികച്ച താമസ സൌകര്യം ​നല്കണം

യു.എ.ഇയിലെ തൊഴിലാളികള്‍ക്ക് ഉന്നത നിലവാരമുള്ള താമസ സ്ഥലം നല്‍കണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു. തൊഴിലാളികള്‍ക്ക് നല്‍കേണ്ട താമസ സ്ഥലത്തെക്കുറിച്ച് നിര്‍ദേശങ്ങള്‍ ഉള്ള മാന്വലിന് യു.എ.ഇ മന്ത്രിസഭ അംഗീകാരവും നല്‍കിയിരിക്കുന്നു.

ശബ്ദ മുഖരിതമായതോ പരിസ്ഥിതി മലിനീകരണമുള്ളതോ ആയ പ്രദേശത്ത് തൊഴിലാളികള്‍ക്ക് താമസ സ്ഥലം നല്‍കരുതെന്ന് മാന്വല്‍ നിര്‍ദേശിക്കുന്നു. തണുത്ത വെള്ളവും ചൂട് വെള്ളവും തൊഴിലാളികള്‍ക്ക് ലഭ്യമാക്കണം. എയര്‍ കണ്ടീഷണര്‍, വൈദ്യുതി വിളക്കുകള്‍, എമര്‍ജന്‍സി എക്സിറ്റുകള്‍, ഫയര്‍ എക്സ്റ്റിഗ്യുഷര്‍ സിസ്റ്റം എന്നിവയെല്ലാം അന്താരാഷ്ട്ര നിലവാരത്തില്‍ ഉള്ളവയായിരിക്കണം.

ലേബര്‍ ക്യാമ്പിന്‍റെ ചുമരുകളും നിലവും കോണ്‍ക്രീറ്റോ ഇഷ്ടികയോ കൊണ്ടുള്ളതാവണം. താമസ സ്ഥലമുള്ള പ്രദേശത്തിന്‍റെ 60 മുതല്‍ 65 ശതമാനം വരെ മാത്രമേ താമസിക്കാന്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. ബാക്കി ഭാഗം മാനസികോല്ലാസത്തിനുള്ള സ്ഥലങ്ങളും പാര്‍ക്കിംഗ് ഏരിയകളും മറ്റുമായിരിക്കണമെന്നും മാന്വല്‍ നിര്‍ദേശിക്കുന്നു. താമസ സ്ഥലത്ത് ചുരുങ്ങിയത് മൂന്ന് ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലായിരിക്കണം ഓരോ കട്ടിലും ഇടേണ്ടത്. ഓരോ തൊഴിലാളിക്കും സൈഡ് ടേബിലും അലമാരയും നല്‍കണം. ഓരോ മുറിയിലും പത്ത് പേരില്‍ കൂടുതല്‍ താമസിക്കാന്‍ പാടില്ല.
തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയെക്കുറിച്ചും വ്യക്തമായ നിര്‍ദേശമുണ്ട്. ഓരോ ലേബര്‍ ക്യാമ്പിനോട് അനുബന്ധിച്ചും ഒരു മെഡിക്കല്‍ ക്ലിനിക് ഉണ്ടായിരിക്കണെന്ന് നിര്‍ബന്ധമാണ്. ദേശീയ ഒഴിവ് ദിനം അടക്കം എല്ലാ ദിവസവും 24 മണിക്കൂറും ഈ ക്ലിനിക്കില്‍ ഡോക്ടര്‍ ഉണ്ടായിരിക്കണം.

ലേബര്‍ ക്യാമ്പിലെ ബാത്ത് റൂമുകള്‍ വൃത്തിയുള്ളതായിരിക്കണമെന്നും എല്ലാവിധ സജ്ജീകരണങ്ങള്‍ ഉള്ളതായിരിക്കണമെന്നും മാന്വല്‍ നിര്‍ദേശിക്കുന്നു. സോപ്പുകള്‍, കണ്ണാടികള്‍, ബാത് ടവലുകള്‍, ടോയ് ലറ്റ് പേപ്പറുകള്‍ തുടങ്ങിയവയെല്ലാം തൊഴിലുടമ സജ്ജമാക്കിയിരിക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. ഓരോ എട്ട് പേര്‍ക്കും ഒരു ബാത് റൂമും രണ്ട് കക്കൂസുകളും ഉണ്ടായിരിക്കണം. ഓരോ എട്ട് പേര്‍ക്കും ഓരോ ലോണ്‍ട്രി വീതവും സജ്ജമാക്കണം.
താമസ സ്ഥലത്ത് ടിവി കാണാനും മറ്റുമായി റസ്റ്റ് ഏരിയ സജ്ജീകരിച്ചിരിക്കണമെന്നും മാന്വലില്‍ പറയുന്നു.

തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടിയെന്ന് തൊഴില്‍ മന്ത്രാലയം പറയുന്നു. മാന്വലിലെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത ലേബര്‍ ക്യാമ്പുകള്‍ക്ക് സെപ്റ്റംബര്‍ മുതല്‍ അനുമതി നല്‍കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് ബാങ്കു വഴിയോ മറ്റ് എക്സ് ചേഞ്ച് സ്ഥാപനങ്ങള്‍ വഴിയോ ശമ്പളം നല്‍കുന്ന വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം നടപ്പിലാക്കിയതിന് പിന്നാലെയാണ് തൊഴിലാളികള്‍ക്ക് സഹായകരമാകുന്ന് പുതിയ നിര്‍ദേശവും മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്.

മാന്വലിലെ നിര്‍ദേശങ്ങള്‍ നടപ്പിലാവുന്നതോടെ തൊഴിലാളികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസവും മറ്റ് അനുബന്ധ സൗകര്യങ്ങളും ലഭിക്കും. ഒരു പരിധിവരെ തൊഴില്‍ പ്രശ്നങ്ങള്‍ ഇല്ലാതാവാന്‍ തന്നെ ഈ നിര്‍ദേശങ്ങള്‍ സഹായകരമാവും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്