07 June 2009

വില്ലകള്‍ : പരിശോധന തുടരുമെന്ന് ഷാര്‍ജ നഗരസഭ

ഷാര്‍ജ നഗരത്തില്‍ കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് ബാച്ചിലേഴ്സ് താമസിക്കുന്നത് തടയാനായി പരിശോധന തുടരുമെന്ന് ഷാര്‍ജ നഗരസഭ അധികൃതര്‍ വ്യക്തമാക്കി.

ഷാര്‍ജയില്‍ നിബന്ധനകള്‍ ലംഘിച്ച് ആളുകളെ പാര്‍പ്പിക്കുന്ന ശരാശരി 300 ഓളം വില്ലകളില്‍ ഓരോ മാസവും വെള്ളവും വൈദ്യുതിയും വിഛേദിക്കുന്നുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നഗരസഭയുടെ കെട്ടിട സുരക്ഷാ വിഭാഗം മേധാവി മുഹമ്മദ് ബിന്‍ ദുവീന്‍ അല്‍ കഅബിയാണ് ഈ കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ബാച്ചിലേഴ്സ് താമസിക്കുന്നത് തടയുന്നതിനുള്ള പരിശോധനകള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബങ്ങളെ താമസിപ്പിക്കേണ്ട കെട്ടിടങ്ങള്‍ ബാച്ചിലേഴ്സിന് നല്‍കുന്ന ഉടമകള്‍ക്ക് നഗരസഭ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കുടുംബങ്ങള്‍ക്കായുള്ള കെട്ടിടങ്ങളില്‍ സ്ത്രീകളേയും പുരുഷന്മാരേയും ഒറ്റക്ക് താമസിക്കാന്‍ അനുവദിക്കില്ല.
വില്ലകളില്‍ പരിധിയിലധികം കുടുംബങ്ങളെ താമസിക്കുന്നവര്‍ക്കെതിരേയും അധികൃതരുടെ മുന്നറിയിപ്പുണ്ട്. അനധികൃതമായി വില്ലകള്‍ ഭാഗിച്ച് കൂടുതല്‍ കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ സൗകര്യമൊരുക്കുന്നത് നിയമ ലംഘനമാണ്.
ഒക്ടോബര്‍ 31 മുതല്‍ 2009 ജൂണ്‍ 31 വരെയുള്ള കാലയളവില്‍ ഷാര്‍ജയില്‍ 4800 വീടുകളിലെ വെള്ളവും വൈദ്യുതിയുമാണ് അധികൃതര്‍ വിഛേദിച്ചത്. കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള കെട്ടിടങ്ങളില്‍ തൊഴിലാളികളെ താമസിപ്പിച്ചതായിരുന്നു നിയമ ലംഘനങ്ങളില്‍ കൂടുതലും.
ഷാര്‍ജ നഗരസഭ അധികൃതര്‍ പരിശോധന സജീവമായി തന്നെ തുടരുകയാണിപ്പോള്‍. പോലീസുമായി സഹകരിച്ചാണ് പരിശോധന. മുസല്ല, അല്‍ ഫിഷ്ത്, നസ്റിയ, മന്‍സൂറ തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും പരിശോധന. പരിശോധനയ്ക്കിടയില്‍ തൊഴിലുടമകളില്‍ നിന്ന് ഒളിച്ചോടി താമസിക്കുന്നവരും പിടിയിലാകുന്നതായി അധികൃതര്‍ വ്യക്തമാക്കി. അതേ സമയം ഒളിച്ചോടി താമസിക്കുന്നവര്‍ക്ക് അഭയം നല്‍കുന്ന കെട്ടിട ഉടമകള്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്