03 May 2009

വസ്തു ഉടമകള്‍ക്കായി യു.എ.ഇയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ സംവിധാനം

യു.എ.ഇയിലെ വസ്തു ഉടമകള്‍ക്കായി മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ സംവിധാനം നടപ്പിലാക്കുന്നു. ആറ് മാസം വരെ ഈ വിസയില്‍ രാജ്യത്ത് തങ്ങാം.

യു.എ,ഇയില്‍ വസ്തുക്കളും റസിഡന്‍ഷ്യല്‍ യൂണിറ്റുകളും വാങ്ങിയവര്‍ക്കും വാങ്ങുന്നവര്‍ക്കുമായാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ സംവിധാനം നടപ്പിലാക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ വിസയില്‍ എത്തുന്നവര്‍ക്ക് എത്ര തവണ വേണമെങ്കിലും യു.എ.ഇയ്ക്ക് പുറത്ത് പോയി തിരിച്ചു വരാനുള്ള അനുമതിയുണ്ട്. പക്ഷേ ആറ് മാസം വരെ മാത്രമായിരിക്കും വിസയുടെ കാലാവധി.
യു.എ.ഇ ആഭ്യന്തര മന്ത്രി ലെഫ്റ്റനന്‍റ് ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കി.

യു.എ.ഇയിലെ വസ്തു ഉടമകള്‍ക്ക് ഇത്തരത്തിലുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയില്‍ ഭാര്യയേയും കുട്ടികളേയും കൊണ്ടു വരാനും അനുമതിയുണ്ടാകും. മറ്റ് വിസകള്‍ക്കുള്ളത് പോലെ തന്നെ ഇന്‍ഷുറന്‍സ് എടുത്തിരിക്കിക്കണമെന്ന നിയമം ഈ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്കും ബാധകമാണ്.
വസ്തുക്കള്‍ ഇല്ലാതെ സ്ഥലത്തിന്‍റെ മാത്രം ഉടമസ്ഥനാണെങ്കില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വസ്തുക്കളുടേയോ റസിഡന്‍ഷ്യല്‍ യൂണിറ്റുകളുടേയോ മുഴുവന്‍ ഉടമസ്ഥാവകാശവും ഉള്ളവര്‍ക്ക് മാത്രമേ ഇത്തരത്തിലുള്ള വിസ അനുവദിക്കുകയുള്ളൂ. ഇവയുടെ വില ഒരു മില്യന്‍ ദിര്‍ഹത്തില്‍ കുറയാന്‍ പാടില്ല താനും.

ഈ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയില്‍ എത്തുന്നവര്‍ക്ക് യു.എ,ഇയില്‍ ജോലി ചെയ്യാന്‍ അനുമതി ഉണ്ടാവില്ല.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്