24 March 2009

വിരുന്നുകാരെ കാത്ത് അല്‍ ജൈസ് പര്‍വത നിരകള്‍

സാഹസിക യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് റാസല്‍ ‍ഖൈമയിലെ അല്‍ ജൈസ് പര്‍വത നിരകള്‍ വ്യത്യസ്തമായ അനുഭവമാണ് നല്‍കുക. റാസല്‍ ഖൈമ നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ അകലത്തിലാണ് ഈ പര്‍വത നിരകളുടെ ബേസ് ക്യാമ്പ്. പിന്നെ കുത്തനെ മല കയറണം. അല്‍ ജൈസ് പര്‍വത നിരകള്‍ക്ക് മുകളില്‍ കര മാര്‍ഗം എത്തിപ്പെടുക എന്നത് അല്‍പം ദുര്‍ഘടമാണ്. ഇവിടേക്ക് കൃത്യമായ റോഡില്ല എന്നത് തന്നെ കാരണം. 36 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡാണ് ഇതിന് മുകളിലേക്ക് നിര്‍മ്മിക്കുന്നത്. രണ്ട് വരിപ്പാതയും മൗണ്ട് ക്ലൈബിംഗ് റോഡും ഉള്‍പ്പെടുന്നതാണ് ഈ റോഡ്. പര്‍വതാ രോഹകര്‍ക്ക് പ്രത്യേക സജ്ജീകരണവും ഇവിടെ ഒരുക്കുന്നുണ്ട്.




യു.എ.ഇ. യിലെ തന്നെ ഏറ്റവും ഉയര്‍ന്ന പര്‍വതങ്ങളില്‍ ഒന്നാണ് അല്‍ ജൈസ് മല നിര. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ പര്‍വത നിരകള്‍ ഇഷ്ടപ്പെടും. സര്‍വീസ് റോഡിലൂടെ സഞ്ചരിക്കുകയും ഇടയ്ക്ക് നടന്നു കയറുകയും വേണം മല മുകളിലെത്താന്‍.




താഴെ കടലും റാസല്‍ ഖൈമയുടെ ദൃശ്യങ്ങളും ഒരു വശത്ത് തെളിയും. മറു വശത്ത് മല നിരകളും മനോഹാരിതയും. വൈകുന്നേരങ്ങളില്‍ ഇവിടെ നിന്ന് താഴേക്കുള്ള കാഴ്ച ഏറെ ഹൃദ്യമാണ്.




ഈ മല നിരകള്‍ക്ക് മുകളില്‍ മൗണ്ടന്‍ റിസോര്‍ട്ട് പണിയാനുള്ള പദ്ധതിയിലാണ് അധികൃതര്‍. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, കോണ്‍ഫ്രന്‍സ് സെന്‍റര്‍, റിസോര്‍ട്ടുമായി ബന്ധിപ്പിക്കുന്ന കേബിള്‍ കാര്‍ മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവയെല്ലാം ഇവിടെ നിര്‍മ്മിക്കാനാണ് അധികൃതരുടെ പദ്ധതി. മനോഹരമായ ഒരു മൗണ്ടന്‍ വിനോദ കേന്ദ്രം നിര്‍മ്മിക്കാനാണ് തീരുമാനം.




മരുഭൂമിയില്‍ മഞ്ഞ് പെയ്യുന്നു എന്ന് പറയുമ്പോള്‍ ആദ്യം വിശ്വസിക്കാന്‍ പ്രയാസം തോന്നും. എന്നാല്‍ തണുപ്പ് അനുഭവപ്പെടുന്ന അല്‍ ജൈസ് പര്‍വത നിരകളില്‍ പലപ്പോഴും മഞ്ഞ് പെയ്യാറുണ്ട്. കഴിഞ്ഞ ജനുവരിയില്‍ -3 ഡിഗ്രി വരെയെത്തി ഇവിടുത്ത തണുപ്പ്. അന്ന് 10 സെന്‍റീമീറ്ററോളം കട്ടിയില്‍ മഞ്ഞ് വീണിരുന്നു.




അല്‍ ജൈസ് പര്‍വത നിരകളെ ക്കുറിച്ച് സഞ്ചാരികള്‍ അധികം അറിഞ്ഞ് തുടങ്ങിയിട്ടില്ല. ഇവിടേക്കുള്ള റോഡ് നിര്‍മ്മാണം പൂര്‍ത്തിയാവുകയും മറ്റ് അനുബന്ധ സൗകര്യങ്ങള്‍ വരുകയും ചെയ്യുന്നതോടെ വിനോദ സഞ്ചാരികള്‍ ഇവിടേക്ക് ഒഴുകിയെത്തും. ഏറ്റവും തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രമാകാനുള്ള തയ്യാറെടുപ്പിലാണ് അല്‍ ജൈസ്.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്