03 March 2009

പ്രവാസി സമൂഹത്തിന് വോട്ടവകാശം, സുപ്രീം കോടതിയെ സമീപിക്കണം : ഒ. അബ്ദു റഹിമാന്‍

ദോഹ : പ്രവാസി സമൂഹത്തിന് ന്യായമായും ലഭിക്കേണ്ട വോട്ടവകാശം നേടി എടുക്കുവാന്‍ മാറി മാറി വരുന്ന സര്‍ക്കാറുകളൊക്കെ നിഷേധാത്മകമായ സമീപനം സ്വീകരിക്കുന്ന പശ്ചാത്തലത്തില്‍ പ്രഗല്‍ഭരായ അഭിഭാഷകരെ വെച്ച് സുപ്രീം കോടതിയെ സമീപിക്കുവാന്‍ പ്രവാസി സംഘടനകള്‍ ശ്രമിക്കണമെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ആയ ഒ. അബ്ദു റഹിമാന്‍ അഭിപ്രായപ്പെട്ടു. ദോഹയിലെ പ്രസ്റ്റീജ് റസ്റോറന്റില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.




പ്രവാസികള്‍ക്ക് വേണ്ടി ചെറുവിരല്‍ അനക്കുവാന്‍ പോലും രാഷ്ട്രീയ നേതാക്കള്‍ ശ്രമിക്കുന്നില്ല എന്നത് സങ്കടകരമാണ്. എല്ലാവരും തെരഞ്ഞെടുപ്പ് ഫണ്ടിനായി പ്രവാസികളെ സമീപിക്കാറുണ്ടെങ്കിലും അവര്‍ക്ക് വേണ്ടി കാര്യമായൊന്നും ചെയ്യുന്നില്ല എന്ന അവസ്ഥ മാറണം. തെരഞ്ഞെടുപ്പുകള്‍ വ്യക്തി അധിഷ്ഠിതമോ പാര്‍ട്ടി അധിഷ്ഠിതമോ ആവാതെ വിഷയാധിഷ്ഠിതം ആകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.




പ്രവാസികളുടെ വോട്ടവകാശം നിഷേധിക്കുന്നത് കടുത്ത അനീതിയാണ്. പല രാജ്യങ്ങളും തങ്ങളുടെ പൌരന്മാര്‍ ലോകത്തിന്റെ ഏത് ഭാഗത്തായാലും സമ്മതി ദാനാവകാശം വിനിയോഗിക്കുന്നതിനുള്ള സൌകര്യമൊരുക്കാറുണ്ട്. എന്നാല്‍ ഇന്ത്യാ ഗവര്‍മെന്റ് ഓരോരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് പ്രവാസികളുടെ അവകാശം നിഷേധിക്കുകയാണ്, അദ്ദേഹം പറഞ്ഞു.




മാധ്യമങ്ങള്‍ക്ക് സ്വയം അംഗീകരിക്കുന്ന പെരുമാറ്റ ചട്ടമുണ്ടാകുന്നത് ഗുണകരമാകും എന്നും സമകാലിക മാധ്യമ പ്രവര്‍ത്തനങ്ങളെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് അഷ്റഫ് തൂണേരി അധ്യക്ഷത വഹിച്ചു. അഹ്മദ് പാതിരിപ്പറ്റ, ഒ. അബ്ദു റഹിമാന് സംഘടനയുടെ ഉപഹാരം സമര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി പി. ആര്‍. പ്രവീണ്‍ സ്വാഗതവും ട്രഷറര്‍ എം. പി. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.




- മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, ഖത്തര്‍

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്