30 March 2009

അറബ് ഉച്ചകോടി ഇന്ന് ദോഹയില്‍ ആരംഭിക്കും

21-ാമത് അറബ് ഉച്ചകോടി ഇന്ന് ദോഹയില്‍ ആരംഭിക്കും. അറബ് ലീഗിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഗള്‍ഫിലെ മിക്ക ഭരണത്തലവന്മാരും പങ്കെടുക്കും.


ദോഹയിലെ ഷെരാട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന അറബ് ഉച്ചകോടിയില്‍ ഗള്‍ഫിലെ മിക്ക ഭരണത്തലവന്മാരും പങ്കെടുക്കും. ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് ഹുസ്നി മുബാറക്കിന്‍റെ അസാനിധ്യവും വെനിസ്വേലന്‍ പ്രസിഡന്‍റ് ഹ്യൂഗോ ഷാവേസിന്‍റെ സാനിധ്യവും ഉച്ചകോടിയില്‍ ശ്രദ്ധേയമാകും. ഇതാദ്യമായാണ് ഒരു ലാറ്റിനമേരിക്കന്‍ രാജ്യ പ്രതിനിധി അറബ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

ഫലസ്തീന്‍ പ്രശ്നം, ഇറാന്‍റെ ആണവ പദ്ധതി, ആഗോള സാമ്പത്തിക മാന്ദ്യം, ഇറാഖ് പ്രശ്നം എന്നിവയാണ് ഉച്ചകോടി പ്രധാനമായും ചര്‍ച്ച ചെയ്യുക.
ഫലസ്തീന്‍ സമാധാന പ്രക്രിയയില്‍ നിന്ന് ഹമാസിനെ മാറ്റി നിര്‍ത്തണമെന്ന ആവശ്യം ഈ ഉച്ചകോടിയില്‍ ശക്തമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിക്ക ഗള്‍ഫ് രാജ്യങ്ങളും ഈ നയത്തിലാണ്.
ഇറാന്‍ കൈവശപ്പെടുത്തിയ ദ്വീപുകള്‍ യു.എ.ഇയിക്ക് വിട്ടുകിട്ടാനുള്ള ശ്രമം തുടരുമെന്ന് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ വ്യക്തമാക്കി.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന അറബ് ഉച്ചകോടിക്ക് വന്‍ പ്രാധാന്യമാണ് ഗള്‍ഫ് രാജ്യങ്ങള്‍ കല്‍പ്പിക്കുന്നത്. അറബ് ഉച്ചകോടിയിലെ തീരുമാനങ്ങള്‍ക്ക് ലോക രാജ്യങ്ങളും കാത്തിരിക്കുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്