05 March 2009

പുകയില ഉത്പന്നങ്ങളില്‍ ഇനി ചിത്രങ്ങളും പ്രദര്‍ശിപ്പിക്കണം

യു.എ.ഇയില്‍ വില്‍ക്കുന്ന പുകയില ഉത്പന്നങ്ങളില്‍ ഇവ ഉപയോഗിക്കുന്നത് കൊണ്ടുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പിന് പുറമേ ഇനി ചിത്രങ്ങളും പ്രദര്‍ശിപ്പിക്കണം. അടുത്ത സെപ്റ്റംബര്‍ മുതല്‍ ഇത് ബാധകമാവും.


സിഗരറ്റ് അടക്കമുള്ള പുകയില ഉത്പന്നങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പും അനുബന്ധ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കണമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അടുത്ത സെപ്റ്റംബര്‍ മുതല്‍ ഈ നിയമം യു.എ.ഇയില്‍ നിലവില്‍ വരും.
സിഗരറ്റ് ഉപയോഗിക്കുന്നത് വിവിധ തരം ക്യാന്‍സറിനും മറ്റ് രോഗങ്ങള്‍ക്കും കാരണമാകും എന്ന മുന്നറിയിപ്പും
ക്യാന്‍സര്‍ ബാധിച്ച ശ്വാസകോശത്തിന്‍റേയും തൊണ്ടയുടേയും മറ്റും ചിത്രങ്ങളുമാണ് സിഗരറ്റ് പാക്കിന്മേല്‍ അച്ചടിക്കേണ്ടത്. പുകയില ഉപയോഗം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരത്തില്‍ നിയമം കര്‍ശനമാക്കുന്നത്.
നാഷണല്‍ ടുബാക്കോ കണ്‍ട്രോല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും ഈ നിയമം നടപ്പിലാക്കുക. ലോകാരോഗ്യ സംഘടനയില്‍ നിന്ന് ലഭിച്ച ചിത്രങ്ങളായിരിക്കും ഇത്തരത്തില്‍ പാക്കിന്മേല്‍ അച്ചടിക്കുകയെന്ന് ടുബാക്കോ കണ്‍ട്രോള്‍ കമ്മിറ്റി മേധാവി ഡോ. വിദാദ് അല്‍ മൈദൂര്‍ പറഞ്ഞു.
ഇപ്പോള്‍ യു.എ.ഇയില്‍ വില്‍ക്കുന്ന പുകയില ഉത്പന്നങ്ങളില്‍ വാക്കാലുള്ള ആരോഗ്യ മുന്നറിയിപ്പ് മാത്രമാണുള്ളത്.
വാക്കാലുള്ള മുന്നറിയിപ്പിനേക്കാളും കൂടുതല്‍ ഫലപ്രദം ചിത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള മുന്നറിയിപ്പാണെന്നതിനാലാണ് നിയമം പരിഷ്ക്കരിക്കുന്നത്. അതേ സമയം പുകയില ഉത്പന്നങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ഫെഡറല്‍ നിയമം മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍. പുകയില ഉത്പന്നങ്ങളുടെ പരസ്യങ്ങളുടെ നിരോധനം, ഉത്പന്നങ്ങളുടെ വിലയും ടാക്സും വര്‍ധിപ്പിക്കുക തുടങ്ങിയവയെല്ലാം ഈ നിയമത്തിലുണ്ടാകുമെന്നാണ് അറിയുന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്