13 May 2009

ബഹ്റിനില്‍ നിയമം ലംഘിച്ച 10,792 പേര്‍ക്ക് പിഴ

ബഹ്റിനില്‍ ട്രാഫിക് നിയമം ലംഘിച്ച 10,792 പേര്‍ക്ക് കഴിഞ്ഞ മാസം പിഴ ചുമത്തി. സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനാണ് ഇതില്‍ മൂന്നില്‍ ഒരു വിഭാഗം പിഴ ലഭിച്ചത്.

ഏപ്രീല്‍ മാസത്തില്‍ മാത്രം ബഹ്റിനില്‍ ട്രാഫിക് നിയമം ലംഘിച്ച 10,792 പേരാണ് പിടിയിലായത്. വാഹനമോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, ഇയര്‍ ഫോണില്ലാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, അമിത വേഗത തുടങ്ങിയവയാണ് പ്രധാന നിയമലംഘനങ്ങള്‍.

സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് പിഴ ശിക്ഷ ലഭിച്ചത്. 3678 പേരാണ് സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് പിടിയിലായത്. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച 2046 പേര്‍ക്ക് പിഴ ചുമത്തി. 1190 പേര്‍ ചുവപ്പ് സിഗ്നല്‍ മറികടന്നതിന് പിടിയിലായി. അമിത വേഗതയില്‍ വാഹനമോടിച്ചതിന് 2765 പേര്‍ക്കും കൃത്യമല്ലാത്ത രീതിയില്‍ വാഹനങ്ങളെ മറികടന്നതിന് 471 പേര്‍ക്കും പിഴ ശിക്ഷ ലഭിച്ചു.
റോഡപകടങ്ങള്‍ കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് ബഹ്റിന്‍ ട്രാഫിക് ഓപ്പറേഷന്‍സ് വിഭാഗം നിയമം ലംഘിക്കുന്ന വാഹനങ്ങളെ കണ്ടെത്തി പിഴ ശിക്ഷ നല്‍കുന്നത്.

ബഹ്റിനില്‍ നാല് ലക്ഷത്തില്‍ അധികം വാഹനങ്ങളുണ്ടെന്നാണ് കണക്ക്. വാഹനപ്പെരുപ്പം പലപ്പോഴും റോഡുകളില്‍ ഗതാഗത തടസത്തിന് കാരണമാകാറുണ്ട്. ഗതാഗത നിയമ ലംഘനം മൂലമുള്ള അപകടങ്ങളും ഗതാഗത തടസവും കുറയ്ക്കാന്‍ അധികൃതര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്