02 March 2009

ദുബായില്‍ ഡ്രൈവര്‍മാരെ വീണ്ടും സ്കൂളില്‍ അയക്കും

ദുബായില്‍ ട്രാഫിക് നിയമം ലംഘിക്കുന്ന ഡ്രൈവര്‍മാരെ വീണ്ടും ഡ്രൈവിംഗ് സ്കൂളുകളില്‍ അയയ്ക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ മാസം അവസാനം മുതല്‍ ഇത്തരക്കാര്‍ക്കുള്ള ക്ലാസുകള്‍ ആരംഭിക്കും.

ദുബായില്‍ ട്രാഫിക് നിയമം ലംഘിച്ചതിന് പിടികൂടുന്ന ഡ്രൈവര്‍മാരെയാണ് ഇങ്ങനെ വീണ്ടും ഡ്രൈവിംഗ് സ്കൂളുകളിലേക്ക് അയയ്ക്കുന്നത്. ഏത് തരത്തിലുള്ള നിയമ ലംഘനമാണോ നടത്തുന്നത് അത് സംബന്ധിച്ചുള്ള ക്ലാസുകളായിരിക്കും ഇവര്‍ക്ക് നല്‍കുക. ഈ മാസം അവസാനം മുതല്‍ ഇത്തരത്തിലുള്ള ക്ലാസുകള്‍ ആരംഭിക്കുമെന്ന് ദുബായ് പോലീസ് ട്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ഫൈസല്‍ അല്‍ കാസിം വ്യക്തമാക്കി.
ഡ്രൈവര്‍മാര്‍ക്ക് ഒരൊറ്റ പ്രാവശ്യമോ ആഴ്ചയില്‍ രണ്ട് പ്രാവശ്യമോ അതല്ലെങ്കില്‍ തങ്ങളുടെ തെറ്റ് തിരുത്താന്‍ പ്രാപ്തരാണെന്ന് ഡ്രൈവര്‍ക്ക് ബോധ്യപ്പെടുന്നത് വരേയോ ഇത്തരം ക്ലാസുകളില്‍ ഇരിക്കേണ്ടി വരും.
ഫെഡറല്‍ ട്രാഫിക് നിയമം, സുരക്ഷിതമായ ഡ്രൈവിംഗ്, അമിതവേഗതയുടെ അപകടങ്ങള്‍ എന്നിവയാണ് ഡ്രൈവര്‍മാരെ പ്രധാനമായും പഠിപ്പിക്കുക.
ഗതാഗത തടസം മൂലമോ മറ്റ് കാരണങ്ങള്‍ മൂലമോ അസ്വസ്തത അനുഭവപ്പെടുന്ന ഡ്രൈവര്‍മാര്‍ക്ക് കൗണ്‍സലിംഗ് നല്‍കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. സൈക്കോളജിസ്റ്റുകളുടെ നേതൃത്വത്തിലായിരിക്കും ഈ കൗണ്‍സലിംഗ്.
ഡ്രൈവിംഗ് സ്കൂളുകളിലെ ക്ലാസുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സില്‍ നിന്ന് പരമാവധി എട്ട് ബ്ലാക് പോയന്‍റുകള്‍ ഒഴിവാക്കും. എന്നാല്‍ എട്ടിലധികം ബ്ലാക് പോയന്‍റുകള്‍ ഉള്ളവര്‍ക്ക് ഈ ഇളവ് ലഭിക്കില്ല.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്