01 January 2009

ദുബായില്‍ ജോലി നഷ്ടപ്പെട്ടവര്‍ കാറും ഉപേക്ഷിച്ച് മടങ്ങുന്നു

സാമ്പത്തിക മാന്ദ്യം കാരണം ദുബായില്‍ പലര്‍ക്കും ജോലി നഷ്ടപ്പെട്ടതോടെ ബാങ്ക് ലോണിനെടുത്ത കാറുകള്‍ വഴിയരികില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ദുബായ് വിമാനത്താവളത്തില്‍ കാര്‍ ഉപേക്ഷിച്ചാണ് ഇത്തരക്കാരില്‍ പലരും നാട്ടിലേക്ക് പോകുന്നത്.

സാമ്പത്തിക മാന്ദ്യം കാരണം നിരവധി പേര്‍ക്കാണ് ദുബായില്‍ ജോലി നഷ്ടപ്പെട്ടിരിക്കുന്നത്. ഇത്തരക്കാരില്‍ പലരും ബാങ്ക് ലോണിനെടുത്ത കാറുകള്‍ വഴിയരികില്‍ ഉപേക്ഷിച്ചാണ് നാട്ടിലേക്ക് മടങ്ങിയത്. ബാങ്ക് ലോണ്‍ തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാത്തതാണ് ഇതിന് കാരണം.

ദുബായ് വിമാനത്താവളത്തിലെ പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണിപ്പോള്‍. ഇതിനകം തന്നെ ദുബായ് വിമാനത്താവളത്തിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് മാത്രം 80 ലധികം കാറുകള്‍ പോലീസ് കണ്ടു കെട്ടിക്കഴിഞ്ഞു. ബാങ്ക് ലോണ്‍ തിരിച്ചടക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഇതില്‍ പലരും വിമാനത്താവളത്തില്‍ കാര്‍ ഉപേക്ഷിച്ച് രാജ്യം വിട്ടതെന്ന് ട്രാഫിക് ഡിപ്പാര്‍ട്ട് മെന്‍റ് ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ സൈഫ് മുഹൈര്‍ അല്‍ മസ് റോയി വ്യക്തമാക്കി.

പല കമ്പനികളും പൂട്ടിയതോടെ ഇത്തരത്തില്‍ കാര്‍ ഉപേക്ഷിച്ച് രാജ്യം വിടുന്നവരുടെ എണ്ണം വര്‍ധിച്ചതായും അദ്ദേഹം പറയുന്നു.
ഏതായാലും ഇത്തരത്തില്‍ ഉപേക്ഷിച്ച് പോകുന്ന കാറുകള്‍ കണ്ടുകെട്ടുന്നതോടെ വിമാനത്താവള അധികൃതര്‍ ഇപ്പോള്‍ ബാങ്കുകളെയും വിവരം അറിയിക്കുന്നുണ്ട്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്